എവിടെപ്പോയി യുേറനിയം? ലിബിയ തിരയുന്നു


ദുബായ്: ലിബിയയിലെ സംഭരണകേന്ദ്രത്തിൽനിന്ന് 2.5 ടൺ പ്രകൃതിദത്ത യുറേനിയം കാണാതായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ). വിശദാന്വേഷണം തുടങ്ങി.

ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് 660 കിലോ മീറ്റർ അകലെയുള്ള ആഭ്യന്തരയുദ്ധബാധിത മേഖലയായ സാംഭയിലാണ് സംഭരണകേന്ദ്രം. കാണാതായ യുറേനിയം സുരക്ഷാആശങ്ക വർധിപ്പിച്ചതായി അംഗരാജ്യങ്ങൾക്ക് യു.എൻ. ഏജൻസി വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. ഐ.എ.ഇ.യുടെ സുരക്ഷാഉദ്യോഗസ്ഥർ കേന്ദ്രത്തിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് 10 ഡ്രമ്മുകളിലായി സൂക്ഷിച്ച പ്രകൃതിദത്ത യുറേനിയത്തിൽ കുറവു കണ്ടെത്തുന്നത്.

അതേസമയം, ട്രിപ്പോളി ആസ്ഥാനമാക്കി ലിബിയൻ ഭരണകൂടത്തിനുവേണ്ടി പൊരുതുന്ന സൈനികസഖ്യം, കാണാതായ യുറേനിയം വീണ്ടെടുത്തെന്ന് അവകാശവാദമുന്നയിച്ചു. എന്നാൽ, യു.എൻ. ഇത് സ്ഥിരീകരിച്ചിട്ടില്ല.

എന്തുകൊണ്ട് ഭയപ്പെടണം

ആണവറിയാക്ടറുകളിൽ അണുസംയോജനത്തിനുപയോഗിക്കുന്ന മൂലകമാണ് യുറേനിയം. ഊർജോത്പാദനത്തിനോ അണുബോംബ് നിർമാണത്തിനോ പ്രകൃതിദത്തയുറേനിയം നേരിട്ട് ഉപയോഗിക്കാനാവില്ലെന്നതാണ് താത്കാലികാശ്വാസം. പക്ഷേ, സമ്പൂഷ്ടീകരണം വഴി യുറേനിയത്തെ വാതകമാക്കി മാറ്റുമ്പോൾ അത് ആണവശേഷി കൈവരിക്കും. പക്ഷേ, സമ്പുഷ്ടീകരണത്തിനായുള്ള സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള ആളുകളുടെ കൈവശം ഈ പ്രകൃതിദത്ത യുറേനിയം എത്തുകയാണെങ്കിൽ സ്ഥിതി അതിഗുരുതരമാകും. ഒരു ടണ്ണിൽനിന്ന് ഏകദേശം 5.6 കിലോഗ്രാം ആണവായുധശേഷിയുള്ള യുറേനിയം സമ്പുഷ്ടീകരിച്ചെടുക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..