ഷി തിങ്കളാഴ്ച റഷ്യയിലേക്ക്; യുക്രൈൻ വിഷയത്തിൽ പ്രതീക്ഷ


പുതിനുമായി കൂടിക്കാഴ്ച നടത്തും

ബെയ്ജിങ്: ത്രിദിന സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തിങ്കളാഴ്ച റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെത്തും. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ യുക്രൈൻ യുദ്ധമവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഷിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.

പുതിന്റെ ക്ഷണപ്രകാരമാണ് മാർച്ച് 20 മുതൽ 22 വരെയുള്ള ഷിയുടെ റഷ്യാ സന്ദർശനമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവ ചുനിങ് വെള്ളിയാഴ്ച വ്യക്തമാക്കി. വർഷങ്ങളായി നിലനിന്ന സൗദി-ഇറാൻ പ്രതിസന്ധി പരിഹരിക്കാൻ ചൈന നടത്തിയ മധ്യസ്ഥശ്രമങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രശംസനേടിയതിനു പിന്നാലെയാണ് ഷിയുടെ സന്ദർശനം.

യുക്രൈൻ വിഷയത്തിൽ സമാധാനചർച്ചകൾക്ക് ഷി മുതിരുമോ എന്ന ചോദ്യത്തിന്, പ്രശ്നങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ രാഷ്ട്രീയസംവാദമാണ് ഏറ്റവും അഭികാമ്യമെന്നാണ് ചൈന വിശ്വസിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ മറ്റൊരുവക്താവ് വാങ് വെൻബിൻ മറുപടിനൽകി.

ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആജീവനാന്ത പ്രസിഡന്റായി അംഗീകരിച്ച ശേഷം ഷി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തെ അപലപിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, റഷ്യയുമായുള്ള രാഷ്ട്രീയ, വ്യാപാര, സൈനിക സഹകരണം ശക്തിപ്പെടുത്തുകയും ചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..