പാരീസ്: പെൻഷൻ പരിഷ്കരണം നടപ്പാക്കാനുറച്ച് മുന്നോട്ടുപോകുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പാർലമെന്റിൽ വോട്ടെടുപ്പുനടത്താതെ പരിഷ്കരണം നടപ്പാക്കാനാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി എലിസബത്ത് ബോൺ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മാക്രോണിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് വിമർശനമുയർന്നുകഴിഞ്ഞു. ഭരണഘടനാപരമായ പ്രത്യേക അധികാരമുപയോഗിച്ച് നിയമനിർമാണം നടത്താനുള്ള തീരുമാനം സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് സമ്മതിക്കുന്നതുപോലെയാണെന്നും വിമർശനമുണ്ട്.
ഫ്രഞ്ചുകാരുടെ ജീവിതംതന്നെ മാറ്റുന്ന നിയമം വോട്ടെടുപ്പില്ലാതെ പാസാക്കുന്നത് രാജ്യത്തെ ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടി എം.പി. ഔറേലിയൻ പ്രാഡി പറഞ്ഞു.
പെൻഷൻ പരിഷ്കരണത്തിനെതിരായ സമരം രാജ്യത്തെ സ്കൂളുകൾ, തീവണ്ടി സർവീസുകൾ, തുറമുഖങ്ങൾ എന്നിവയടക്കമുള്ളവയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ശുചീകരണത്തൊഴിലാളികളും സമരത്തിലായതിനാൽ 7000 ടണ്ണോളം മാലിന്യമാണ് തെരുവുകളിൽ കെട്ടിക്കിടക്കുന്നത്. വ്യാഴാഴ്ചയും ആയിരങ്ങൾ പാർലമെന്റിനുമുന്നിൽ പ്രതിഷേധവുമായെത്തി. അടുത്ത വ്യാഴാഴ്ചയും ബഹുജനപ്രതിഷേധത്തിന് തൊഴിലാളിസംഘടനകൾ ആഹ്വാനംചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..