മോസ്കോ: യു.എസിന്റെ എം.ക്യു.-9 റീപ്പർ ഡ്രോണിനെ ഇടിച്ച് കടലിൽവീഴ്ത്തിയ സുഖോയ്-27 യുദ്ധവിമാന പൈലറ്റുമാർക്ക് റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ പുരസ്കാരം. തങ്ങളുടെ വ്യോമാതിർത്തിയിലെ നിരോധിതമേഖലയിലേക്ക് പാഞ്ഞടുത്ത ഡ്രോണിനെ തടഞ്ഞ പൈലറ്റുമാരെ റഷ്യൻ പ്രതിരോധമന്ത്രി സെർഗി ഷൊയ്ഗു വെള്ളിയാഴ്ച അഭിനന്ദിച്ചു.
പുരസ്കാരം, യു.എസിന്റെ നിരീക്ഷണഡ്രോണുകളെ ഭാവിയിലും റഷ്യ ആക്രമിക്കുമെന്ന സൂചനയാണ് നൽകുന്നത്. കരിങ്കടലിനുമുകളിലെ അന്താരാഷ്ട്ര വ്യോമപാതയിൽ, ചൊവ്വാഴ്ച പതിവുനിരീക്ഷണപ്പറക്കൽ നടത്തിയ യു.എസ്. ഡ്രോണിന്റെ പ്രൊപ്പലറിൽ പിന്നാലെ പാഞ്ഞെത്തിയ റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനം ഇടിക്കുകയായിരുന്നു. തുടർന്ന്, ഡ്രോൺ കടലിൽ പതിച്ചു. സംഭവത്തിനുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ തുറന്നപോര് ഉടലെടുത്തു. റഷ്യയുടെ രണ്ട് സുഖോയ് വിമാനങ്ങൾ സഞ്ചാരപാതയിൽ തടസ്സം സൃഷ്ടിച്ചുവെന്നും ഡ്രോണിനുമീതെ ഇന്ധനമൊഴിച്ചെന്നും യു.എസ്. ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന 42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പെന്റഗൺ കഴിഞ്ഞദിവസം പുറത്തുവിട്ടു. നിയന്ത്രണംവിട്ട യു.എസ്. ഡ്രോൺ ക്രൈമിയക്കുസമീപമുള്ള തങ്ങളുടെ വ്യോമാതിർത്തി ഭേദിച്ചതാണ് അപകടകാരണമെന്നായിരുന്നു റഷ്യയുടെ വിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..