ന്യൂയോർക്ക്: രതിച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന്റെ വായമൂടാൻ പണം നൽകിയ കേസിൽ കുറ്റക്കാരനായി പ്രഖ്യാപിക്കുമെന്ന സാഹചര്യം നിലനിൽക്കെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപം ചൊരിഞ്ഞ് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുറ്റം ചുമത്തിയാൽ കൂറ്റൻ പ്രതിഷേധം നടത്തണമെന്ന ട്രംപിന്റെ ആഹ്വാനം കണക്കിലെടുത്ത് ന്യൂയോർക്കിലെങ്ങും ചൊവ്വാഴ്ച മുതൽ പോലീസ് അതിജാഗ്രതയിലാണ്.
ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ട്രംപ് ടവറിനുമുന്നിലും മാൻഹട്ടൻ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസിനുമുന്നിലും പോലീസ് തടസ്സങ്ങൾ സ്ഥാപിച്ചു. ബ്രാഗാണ് ട്രംപിന്റെ കേസിൽ നിർണായക തീരുമാനം പ്രഖ്യാപിക്കേണ്ടത്.
കേസിൽ ട്രംപിന്റെപേരിൽ ചൊവ്വാഴ്ച കുറ്റം ചുമത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ, അതുണ്ടായില്ല. ഇതേത്തുടർന്ന്, താൻ കുറ്റംചെയ്തിട്ടില്ലെന്നും രേഖകളിൽ തെറ്റില്ലെന്നും എല്ലാം തന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹന്റെ നുണയാണെന്നും പറഞ്ഞ് ട്രംപ് രംഗത്തെത്തി.
താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പ് സ്റ്റോമി ഡാനിയേൽസിന് ട്രംപ് 1.3 ലക്ഷം ഡോളർ നൽകിയെന്നതാണ് കേസ്. മൈക്കൽ കോഹൻ 2019-ൽ യു.എസ്. കോൺഗ്രസിന്റെ വിചാരണയിൽ ഇക്കാര്യം സമ്മതിച്ചിരുന്നു. താനാണ് സ്റ്റോമിക്കു പണം നൽകിയതെന്നും ഈ തുക ട്രംപ് പിന്നീടു തിരിച്ചുതന്നെന്നുമായിരുന്നു കോഹന്റെ മൊഴി. സ്റ്റോമിക്കു പണം കൊടുത്ത വിവരം ട്രംപിന്റെ രേഖകളിലില്ല.
ട്രംപിനുമേൽ വരുംദിവസങ്ങളിലോ അടുത്തയാഴ്ചയോ കുറ്റം ചുമത്തിയേക്കുമെന്നാണ് വാർത്തകൾ. എന്നാൽ, ട്രംപിന്റെ ആഹ്വാനം കേട്ട് ചൊവ്വാഴ്ച കാര്യമായ പ്രതിഷേധമുണ്ടായില്ല. 2020-ലെ തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റപ്പോൾ തെരുവുപ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ ആൺമക്കളും മറ്റുനേതാക്കളും നിശ്ശബ്ദത പുലർത്തി. മാൻഹട്ടനിൽ ഏതാനും പേരും ഫ്ളോറിഡയിൽ നാൽപ്പതോളം പേരുമാണ് ട്രംപിനെ അനുകൂലിച്ച് രംഗത്തിറങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..