ബയ്‌റുത്ത്: പശ്ചിമേഷ്യൻ മേഖലയിലെ നയതന്ത്ര പുനഃക്രമീകരണത്തിന്റെ ഭാഗമായി സൗദി അറേബ്യയും സിറിയയും ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങുന്നു. ആഭ്യന്തരയുദ്ധത്താൽ തകർന്ന സിറിയയിൽ സൗദിയുടെ നയതന്ത്രകാര്യാലയം വീണ്ടും തുറക്കാനുള്ള ചർച്ച ഇരുരാജ്യങ്ങൾക്കുമിടയിൽ പുരോഗമിക്കുകയാണ്.
സൗദി വിദേശകാര്യമന്ത്രാലയത്തിലെ ഒരു ഉന്നതനെ ഉദ്ധരിച്ച് സൗദി ദേശീയ ടെലിവിഷൻ വ്യാഴാഴ്ച പുറത്തുവിട്ടതാണിക്കാര്യം. ഒരുദശാബ്ദത്തിനിടെ ആദ്യമായാണ് സിറിയയിൽ സൗദി നയതന്ത്രകാര്യാലയം തുറക്കുന്നത്.
സൗദിയും ഇറാനും തമ്മിൽ വർഷങ്ങളോളം നീണ്ടുനിന്ന ശത്രുത ചൈനയുടെ മധ്യസ്ഥതയിൽ പരിഹരിച്ചതിനുപിന്നാലെയാണ് പുതിയ സംഭവവികാസം.
അതേസമയം, ഇരുരാജ്യങ്ങളിലും എംബസികൾ തുറക്കാനുള്ള ചർച്ചകൾ നടക്കുന്നത് റഷ്യയുടെ മധ്യസ്ഥതയിലാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടുചെയ്തു. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളുടയും ഔദ്യോഗികവിശദീകരണം പുറത്തുവന്നില്ല.
2011-ലെ അറബ് വസന്തം മെഡിറ്ററേനിയൻ രാജ്യങ്ങളെ പിടിച്ചുകുലുക്കിയപ്പോൾ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് അധികാരത്തിൽ തുടർന്നത് ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെയായിരുന്നു. 2011-ൽ സിറിയയിൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ ബാഷർ ഭരണകൂടത്തിനെതിരേ നിലകൊണ്ടവരുടെ പക്ഷത്തായിരുന്നു സൗദി. എന്നാൽ, ഈയടുത്ത് മഞ്ഞുരുകിത്തുടങ്ങി. ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തിൽ, സിറിയയിലേക്ക് സൗദിയിൽനിന്ന് സഹായമെത്തിയിരുന്നു.
ഒമാന്റെ ഇടപെടൽ നിർണായകമാകുമോ
സൗദി-സിറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. 1985-ൽ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന ആദ്യ ഉന്നതതല സംഭാഷണമാണിത്. പാശ്ചാത്യരാജ്യങ്ങൾക്കും ഇറാനുമിടയിലെ പ്രശ്നങ്ങൾക്ക് ദീർഘനാളായി മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഒമാൻ. യെമെനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ സൗദിക്കും ഇറാനുമിടയിൽ കഴിഞ്ഞ മാസങ്ങളിലായി നടന്ന ചർച്ചയ്ക്ക് ചുക്കാൻപിടിച്ചത് ഒമാനാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..