പ്രതീകാത്മകചിത്രം
ജിദ്ദ: സൗദിയിലെ അസീറിന് വടക്ക് അഖബ ശഅറിൽ ചുരത്തിൽ ഉംറ തീർഥാടകരുടെ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഇതിൽ മുഹമ്മദ് ഖാനെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ റാസാഖാൻ ചികിത്സയിലുണ്ട്. ഇദ്ദേഹത്തിന് പൊള്ളലേറ്റതുകൂടാതെ ഇടതുകൈക്ക് പൊട്ടലുണ്ട്. ജിദ്ദ കോൺസുലേറ്റ് വെൽഫെയർ പ്രതിനിധികൾ ആശുപത്രിയിൽ ഇദ്ദേഹത്തെ സന്ദർശിച്ചു.
തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഡ്രൈവറടക്കം 22 പേരാണ് മരിച്ചത്. മൃതദേഹങ്ങൾ മഹായിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ 27 പേർ അബഹയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഖമീസ് മുഷൈത്തിൽനിന്ന് മക്കയിലേക്കും മദീനയിലേക്കും തീർഥാടകരുമായിപ്പോയ ബസാണ് അബഹ-മഹായിൽ ചുരത്തിൽവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. മുമ്പും ഇവിടെ അപകടമുണ്ടാവുകയും ഒട്ടേറെപ്പേർ മരിക്കുകയും ചെയ്തിരുന്നു.
അപകടത്തിൽപ്പെട്ടവരിൽ ഇന്ത്യക്കാരെ കൂടാതെ ബംഗ്ളാദേശ്, പാകിസ്താൻ, ഈജിപ്ത്, യെമെൻ, സുഡാൻ പൗരന്മാരാണുണ്ടായിരുന്നത്. പരിക്കേറ്റവർ മഹായിൽ ജനറൽ, അബഹ പ്രൈവറ്റ്, സൗദി ജർമൻ, അബഹ അസീർ എന്നീ ആശുപത്രികളിൽ ചികിത്സയിലാണ്.
കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാനായി ഫൊറൻസിക് പരിശോധന നടത്തുന്നുണ്ട്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ പങ്കാളിത്തത്തോടെ ഫൊറൻസിക് മെഡിക്കൽ സംഘമാണ് മരിച്ചവരുടെ ഡി.എൻ.എ. സാംപിളുകൾ അടക്കം ശേഖരിച്ച് പരിശോധന ഊർജിതമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..