ആമസോണിലെ കുട്ടികൾ കാണാമറയത്തുതന്നെ


1 min read
Read later
Print
Share

വിമാനാപകടത്തെത്തുടർന്ന് ആമസോൺ വനത്തിലകപ്പെട്ട കുട്ടികൾക്കായി തിരച്ചിൽ നടത്തുന്ന ശ്വാനസേനാംഗം

ബൊഗോട്ട(കൊളംബിയ): രണ്ടാഴ്ചമുമ്പ് വിമാനം തകർന്നുവീണ് ആമസോൺ മഴക്കാടുകളിൽ കാണാതായ നാലുകുട്ടികൾക്കായി പ്രാർഥനയോടെ കൊളംബിയ. ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് വാർത്ത വന്നെങ്കിലും തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

കുട്ടികൾ സുരക്ഷിതരാണെന്ന ആശ്വാസവർത്തമാനം കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് കഴിഞ്ഞ ദിവസം ട്വീറ്റു ചെയ്തത്. പിന്നാലെ കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് കൊളംബിയൻ വാർത്താചാനലുകൾ റിപ്പോർട്ടു ചെയ്തു. എന്നാൽ, രാത്രി പ്രസിഡന്റ് തന്റെ ട്വീറ്റ് പിൻവലിച്ചു. “ആ വിവരം തെറ്റായിരുന്നു, അതിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. സൈനികസംഘങ്ങളും ശ്വാനസേനയും ഗോത്രവിഭാഗക്കാരും കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്. ശുഭവാർത്തയ്ക്കായി കൊളംബിയ കാത്തിരിക്കുന്നു.”-ഗുസ്താവോ പെട്രോ അറിയിച്ചു.

തകർന്നുവീണ വിമാനത്തിൽനിന്ന് രക്ഷപ്പെട്ട 13, ഒമ്പത്, നാലു വയസ്സും 11 മാസവും പ്രായമുള്ള സഹോദരങ്ങൾക്കായാണ് കാട്ടിൽ തിരച്ചിൽ തുടരുന്നത്. തെക്കൻകൊളംബിയയിലെ അതെക്കുവരയിൽനിന്ന് ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്ന ചെറുവിമാനം മേയ് ഒന്നിനാണ് ആമസോൺ വനത്തിൽ തകർന്നുവീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മകുറ്റൈയും(33) പൈലറ്റുമുൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ചു. ഹ്യൂട്ടോട്ടോ ഗോത്രവർഗക്കാരായ കുട്ടികൾ വനത്തിൽ പരിചയസമ്പന്നരാണ്. അപകടം നടന്ന സ്ഥലത്തുനിന്ന്‌ പുറത്തുകടക്കാനായി ഇവർ വനത്തിലൂടെ സഞ്ചരിച്ചുവരുകയാണെന്നും ജീവനുണ്ടെന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് തിരച്ചിൽ സംഘങ്ങൾ പറയുന്നത്. “അവർക്ക് കാടുമായി നല്ലപരിചയമുണ്ട്, അവർ ജീവനോടെയുണ്ടാവുമെന്ന് ഉറപ്പാണ്.”-കുട്ടികളുടെ മുത്തശ്ശി ഫിഡെൻഷ്യോ വലെൻസിയ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..