ജിദ്ദ: ബഹിരാകാശയാത്രാരംഗത്ത് സൗദി അറേബ്യയ്ക്ക് അഭിമാനനിമിഷം. ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ചാണ് സൗദി ചരിത്രംകുറിച്ചത്. സ്തനാർബുദഗവേഷകയും സൗദി സ്വദേശിനിയുമായ റയാന അൽ ബർനാവി(33)യാണ് മറ്റ് മൂന്നുപേർക്കൊപ്പം യു.എസിലെ ഫ്ളോറിഡ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്.) പോയത്. ഇന്ത്യൻസമയം തിങ്കളാഴ്ച പുലർച്ചെ 3.07-ന് യാത്രതിരിച്ച സംഘം വൈകുന്നേരം 6.42-ന് ബഹിരാകാശ നിലയത്തിലെത്തി. സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഒരേസമയം വനിത ഉൾപ്പെടെ രണ്ടുപേരെ നിലയത്തിൽ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംപിടിച്ചു.
യുദ്ധവിമാന പൈലറ്റും സൗദി പൗരനുമായ അലി അൽ ഖർനി, മുൻ നാസ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്‌സൺ, അമേരിക്കൻ സംരംഭകനും പൈലറ്റുമായ ജോൺ ഷോഫ്‌നർ എന്നിവരാണ് റയാനയുടെ സഹസഞ്ചാരികൾ. എട്ട് ദിവസം ബഹിരാകാശത്ത് തങ്ങുന്ന സംഘം 20 ഗവേഷണപദ്ധതികളിൽ പങ്കാളികളാകും. ന്യൂസീലൻഡിൽനിന്ന് ബയോമെഡിക്കൽ സയൻസിൽ ബിരുദവും സൗദിയിലെ അൽഫൈസൽ സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയ റയാന ബർനാവി 10 വർഷമായി കാൻസർ സ്റ്റെംസെൽ റിസർച്ച് സെന്ററിൽ ഗവേഷകയാണ്.
നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, സൗദി സ്പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികൾ യാത്രയായത്. റയാനയും അലിയും അമേരിക്കയിൽ ഒരു വർഷത്തോളംനീണ്ട പരിശീലനം നടത്തിയിരുന്നു.
bbസൗദിസംഘത്തെ വരവേറ്റത് അൽ നെയാദി
bb
ദുബായ്: ആറുമാസത്തെ ദൗത്യത്തിനായി ബഹിരാകാശത്ത് കഴിയുന്ന യു.എ.ഇ.യുടെ ഡോ. സുൽത്താൻ അൽ നെയാദിയാണ് സൗദിസംഘത്തെ വരവേറ്റത്. ഇതോടെ ബഹിരാകാശത്തെ ആദ്യ യു.എ.ഇ.-സൗദി കൂടിക്കാഴ്ചയ്ക്കും ഐ.എസ്.എസ്. സാക്ഷ്യംവഹിച്ചു. സൗദി അറേബ്യയുടെ രണ്ടാമത് ബഹിരാകാശദൗത്യമാണിത്. സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ ഏഴുദിവസത്തെ ദൗത്യത്തിനായി 1985 ജൂൺ 17-ന് ബഹിരാകാശത്ത് എത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..