ജിദ്ദ: ഹജ്ജ് തീർഥാടകർക്കായുള്ള ഒരുക്കങ്ങൾ സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ആരംഭിച്ചു. ആഭ്യന്തരതീർഥാടകർക്ക് താമസിക്കാനുള്ള ക്യാമ്പുകളുടെ നിർമാണം അടുത്തമാസമാദ്യം പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട നിർമാണക്കമ്പനികൾക്ക് അധികൃതർ നിർദേശം നൽകി. ജൂൺ നാലിനുമുമ്പ് ക്യാമ്പുകളിൽ തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ജൂൺ അവസാനമാണ് ഹജ്ജ്. അതിനുമുന്നോടിയായി ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്ന കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങളെല്ലാം പൂർത്തിയാക്കേണ്ടതുണ്ട്.
ഹജ്ജ് യാത്രാ ഏജൻസികളുമായി ചേർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മേൽനോട്ടത്തിൽ ഹജ്ജ് യാത്രക്കാർക്കുള്ള സുരക്ഷാസംവിധാനങ്ങളുടെയടക്കം ഒരുക്കങ്ങൾ പൂർത്തിയാവുന്നുണ്ട്. ഹാജിമാർക്കുള്ള സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച നിർദേശങ്ങളും നൽകിത്തുടങ്ങി. സൗദിയിലെ തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ കഴിഞ്ഞമാസം പൂർത്തിയായി. ഹജ്ജ് നിർവഹിക്കാത്തവർക്ക് അവസരമൊരുക്കുക എന്ന മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, കുറഞ്ഞത് അഞ്ചുവർഷംമുൻപ് ഹജ്ജ് ചെയ്ത സൗദി പൗരൻമാർക്കും സൗദിയിലുള്ള പ്രവാസികൾക്കുമാണ് ഈ വർഷത്തെ രജിസ്‌ട്രേഷന് മുൻഗണന നൽകിയത്. 3984 റിയാൽ (ഏകദേശം 87,000 രൂപ) മുതൽ 11,841 റിയാൽ (ഏകദേശം 2,60,500 രൂപ) വരെ നാല് പാക്കേജുകളായാണ് സൗദിയിലെ തീർഥാടകർക്ക് ഹജ്ജിനുള്ള ചെലവായി മന്ത്രാലയം നിശ്ചയിച്ചത്. ഇത് മൂന്ന് ഗഡുക്കളായി നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡിനുശേഷം ആദ്യമായാണ് ലോകമെങ്ങുമുള്ള തീർഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ വിപുലമായ അവസരമൊരുക്കുന്നത്. പരമാവധി ആളുകൾക്ക് ഹജ്ജിനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷവും ഹജ്ജ് നിർവഹിക്കേണ്ടവരുടെ എണ്ണം കുറച്ചിരുന്നു. കോവിഡിന് മുൻപ് 25 ലക്ഷം തീർഥാടകരാണ് പ്രതിവർഷം ഹജ്ജ് നിർവഹിച്ചിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..