ബെയ്ജിങ്: സാധാരണക്കാരനെയും വഹിച്ചുകൊണ്ടുള്ള ചൈനയുടെ ആദ്യ ബഹിരാകാശദൗത്യം ചൊവ്വാഴ്ച കുതിപ്പുതുടങ്ങും.
പേലോഡ് വിദഗ്ധനായ ഗുയി ഹെയ്ചാവോയാണ് ചൈനയുടെ നിർമാണം പൂർത്തിയാക്കിയ ടിയാങ്‌ഗോങ് ബഹിരാകാശനിലയത്തിലെത്തുക. ഗുയി ഉൾപ്പെടെ മൂന്നുപേരെയും വഹിച്ചുകൊണ്ടുള്ള പേടകം ജിയുഖാൻ ഉപഗ്രഹവിക്ഷേപണകേന്ദ്രത്തിൽനിന്ന് ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 9.31-ന് പുറപ്പെടും. ബഹിരാകാശനിലയത്തിലെ ശാസ്ത്രപര്യവേക്ഷണങ്ങൾക്ക് ഗുയി നേതൃത്വം നൽകും. ഗുയിയെക്കൂടാതെ മൂന്നുതവണ ബഹിരാകാശത്തെത്തിയ സൈനിക കമാൻഡറായ ജിങ് ഹയ്പിങ്ങും എൻജിനിയറായ ഷു യാങ്ഷുവും ദൗത്യത്തിലുണ്ട്.
പടിഞ്ഞാറൻ യുന്നാൻ പ്രവിശ്യയിലെ സാധാരണകുടുംബത്തിൽനിന്നുള്ള ഗുയി, ബെയ്ജിങ് സർവകലാശാലയിലെ എയ്‌റോനോട്ടിക് വിഭാഗം പ്രൊഫസറാണ്. ചൈനയുടെ ഇതുവരെയുള്ള ബഹിരാകാശയാത്രികരെല്ലാം സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗങ്ങളായിരുന്നു. ആദ്യമായാണ് സേനയ്ക്കുപുറത്തുനിന്നുള്ള ഒരു ചൈനീസ് പൗരൻ ബഹിരാകാശത്തേക്ക് യാത്ര നടത്തുന്നത്.
2030-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ ചൈന
ബെയ്ജിങ്: മനുഷ്യനെ 2030-ഓടെ ചന്ദ്രനിലെത്തിക്കാനുള്ള പുതിയദൗത്യം പ്രഖ്യാപിച്ച് ചൈന. ബഹിരാകാശമേഖലയിൽ പടിഞ്ഞാറൻരാജ്യങ്ങളുമായി ചൈനയ്ക്കുള്ള കിടമത്സരമാണ് തീരുമാനത്തിനുപിന്നിൽ. ചൈന മാൻഡ് സ്പെയ്‌സ് ഏജൻസിയുടെ(സി.എം.എസ്.എ) സഹഡയറക്ടർ ലിൻ സിഖിയാങ് തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുന്നതിനൊപ്പം ശാസ്ത്രപര്യവേക്ഷണങ്ങൾ നടത്താനും ചൈന ലക്ഷ്യമിടുന്നു. 2025-ഓടെ മനുഷ്യനെ രണ്ടാമത് ചന്ദ്രനിലെത്തിക്കാൻ നാസയുടെ ആർട്ടെമിസ് ദൗത്യം തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ചൈന ചാന്ദ്രദൗത്യം പ്രഖ്യാപിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..