കിം മടങ്ങി; റഷ്യൻ ഗവർണറുടെ സമ്മാനം ചാവേർ ഡ്രോൺ


1 min read
Read later
Print
Share

കിം ജോങ് ഉൻ, സെർഗെയി ഷൊയിഗു | Photo: AFP

മോസ്കോ: ആറുദിവസത്തെ റഷ്യാസന്ദർശനം പൂർത്തിയാക്കി ഉത്തരകൊറിയൻ ചെയർമാൻ കിം ജോങ് ഉൻ ഞായറാഴ്ച സ്വദേശത്തേക്കുമടങ്ങി.

അർത്യോമിലെ റെയിൽവേ സ്റ്റേഷനിൽ സൈനികവാദ്യങ്ങളോടെയാണ് റഷ്യ കിമ്മിനെ യാത്രയാക്കിയത്. റഷ്യയുടെയും ഉത്തരകൊറിയയുടെയും ദേശീയഗാനങ്ങളും മുഴങ്ങി. റഷ്യൻ പ്രകൃതിവിഭവമന്ത്രി അലക്സാൻഡർ കൊസ്‌ലോവും അർത്യോമുൾപ്പെടുന്ന പ്രൈമോറ്യേ മേഖലയുടെ ഗവർണർ ഒലെഗ് കൊഷെമ്യാകോയും കിമ്മിനെ യാത്രയാക്കാൻ എത്തിയിരുന്നു. ഉത്തരകൊറിയൻ അതിർത്തിയിൽനിന്ന് 200 കിലോമീറ്റർമാത്രം അകലെയാണ് അർത്യോം.

അഞ്ച് ചാവേർ ഡ്രോണുകളും നിരീക്ഷണഡ്രോണും വെടിയുണ്ടയേൽക്കാത്ത വസ്ത്രവും ഗവർണർ ഒലെഗ് കിമ്മിന്‌ സമ്മാനിച്ചു. ഉത്തരകൊറിയ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2011-ൽ അധികാരത്തിലേറിയശേഷം ആദ്യമായാണ് കിം ഇത്ര നീണ്ട വിദേശയാത്ര നടത്തുന്നത്. ഈ മാസം 12-നാണ് അദ്ദേഹം റഷ്യയിലെത്തിയത്.

വൊസ്റ്റോച്നിയിലെ ബഹിരാകാശനിലയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി നടത്തിയ ചർച്ചയായിരുന്നു സന്ദർശനപരിപാടിയിൽ ആദ്യത്തേത്. അമുറിലെ യുദ്ധവിമാന നിർമാണശാല കിം സന്ദർശിച്ചു. ശനിയാഴ്ച വ്ലാഡിവൊസ്റ്റോക്കിൽ റഷ്യൻ പ്രതിരോധമന്ത്രി സെർഗെയി ഷൊയിഗുവുമായി കൂടിക്കാഴ്ച നടത്തി. ശബ്ദാതിവേഗ മിസൈൽ സംവിധാനമുൾപ്പെടെയുള്ള ആയുധങ്ങളും കിം കണ്ടു. വ്ലാഡിവൊസ്റ്റോക്കിൽ പഠിക്കുന്ന ഉത്തരകൊറിയൻ വിദ്യാർഥികളെയും സന്ദർശിച്ചു.

എന്നാൽ, രണ്ടുരാജ്യങ്ങളും കരാറൊന്നും ഒപ്പിട്ടില്ലെന്നും ഒപ്പിടില്ലെന്നും റഷ്യ പറഞ്ഞു. യുക്രൈനിലെ യുദ്ധം തുടരാൻ ഉത്തരകൊറിയയിൽനിന്ന് ആയുധം വാങ്ങാൻ റഷ്യക്ക്‌ താത്പര്യമുണ്ടെന്നാണ് വാർത്ത. മിസൈൽനിർമാണത്തിന് ഉത്തരകൊറിയയ്ക്ക് റഷ്യ സഹായംനൽകുമെന്നും കരുതുന്നു.

ഇരുരാജ്യത്തിനുമിടയിൽ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും പുതിയ കാലം വിടർന്നുവെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ. പറഞ്ഞു.

മുന്നറിയിപ്പുമായി ദക്ഷിണകൊറിയ

സോൾ: റഷ്യ-ഉത്തരകൊറിയ സൈനികസഹകരണം കൈകാര്യംചെയ്യാൻ അന്താരാഷ്ട്രസമൂഹം കൂടുതൽ ഗാഢമായി ഒന്നിക്കണമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് യുൻ സുക് യോൾ പറഞ്ഞു. ഈയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എൻ. രക്ഷാസമിതി പ്രമേയങ്ങൾക്കും വിവിധ അന്താരാഷ്ട്ര ഉപരോധങ്ങൾക്കും എതിരാണ് റഷ്യ-ഉത്തരകൊറിയ സൈനികസഹകരണമെന്നും അദ്ദേഹം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..