ഫയൽ ഫോട്ടോ:എ.എഫ്.പി
വാഷിങ്ടൺ: യു.എസുമായി നടത്തിയ രഹസ്യ ആയുധ ഇടപാടാണ് കടത്തിൽമുങ്ങിയ പാകിസ്താന് അന്താരാഷ്ട്രനാണ്യനിധിയിൽ (ഐ.എം.എഫ്.) നിന്നുള്ള കടാശ്വാസത്തിന് വഴിയൊരുക്കിയതെന്ന് റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ ‘ദ ഇന്റർസെപ്റ്റി’ന്റേതാണ് റിപ്പോർട്ട്.
യുക്രൈൻസൈന്യത്തിനു കൈമാറാനാണ് പാകിസ്താനിൽനിന്ന് യു.എസ്. ആയുധം വാങ്ങിയത്. യു.എസിന്റെ സമ്മർദം കാരണം യുക്രൈൻ യുദ്ധത്തിൽ പാകിസ്താന് പക്ഷംപിടിക്കേണ്ടിവന്നു എന്നും റിപ്പോർട്ടിലുണ്ട്.
യു.എസിന്റെ പ്രേരണയിലാണ് 2022 ഏപ്രിലിൽ പാകിസ്താൻസൈന്യം പ്രധാനമന്ത്രി ഇമ്രാൻഖാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയത്. ഇമ്രാന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ യുക്രൈൻ യുദ്ധത്തിൽ നിഷ്പക്ഷനിലപാട് എടുക്കുന്നതിലുള്ള അനിഷ്ടം യു.എസ്. അറിയിച്ചിരുന്നു.
ഇമ്രാനെ പുറത്താക്കി അധികാരത്തിലേറിയ സർക്കാർ യുദ്ധത്തിൽ യു.എസിനെയും സഖ്യകക്ഷികളെയും പിന്തുണച്ചതിന്റെ ഫലമായാണ് ഐ.എം.എഫ്. വായ്പ വേഗത്തിൽ ലഭിച്ചത്. വൻ സാമ്പത്തികത്തകർച്ച ഒഴിവാക്കാനും തിരഞ്ഞെടുപ്പുകൾ നീട്ടിവെക്കാനും ഇത് പാകിസ്താനെ സഹായിച്ചു എന്ന് റിപ്പോർട്ട് പറയുന്നു.
യുദ്ധത്തിന് ആവശ്യമായ അടിസ്ഥാന പടക്കോപ്പുകളുടെ നിർമാണകേന്ദ്രങ്ങളിലൊന്നാണ് പാകിസ്താനെന്നാണ് ‘ദ ഇന്റർസെപ്റ്റി’ന്റെ വിലയിരുത്തൽ. ഇവിടെ നിർമിച്ച ഷെല്ലുകളും മറ്റ് പടക്കോപ്പുകളും യുക്രൈനിൽ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം യു.എസോ പാകിസ്താനോ സമ്മതിച്ചിട്ടില്ല. 2022 മേയ് മുതൽ 2023 ഏപ്രിൽവരെയാണ് ഇരുരാജ്യങ്ങളും ആയുധക്കച്ചവടത്തിൽ ഏർപ്പെട്ടത്. പാകിസ്താൻ സൈന്യത്തിലെ ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച രേഖ ചോർത്തിക്കൊടുത്തതെന്ന് ‘ദ ഇന്റർസെപ്റ്റ്’ പറയുന്നു. ഇതും യു.എസിൽനിന്ന് ലഭിച്ച രേഖകളും വിലയിരുത്തിയാണ് ആയുധ ഇടപാട് നടന്നെന്നും ഇതിനുള്ള പാരിതോഷികമാണ് പാകിസ്താന് ഐ.എം.എഫിൽനിന്നുലഭിച്ച വായ്പയെന്നുമുള്ള നിഗമനത്തിൽ ‘ദ ഇന്റർസെപ്റ്റ്’ എത്തിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..