800 കോടി തൊട്ട് മനുഷ്യർ ; ഇന്ത്യയിൽനിന്ന് 17.7 കോടി


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

: ‘എണ്ണൂറുകോടി പ്രതീക്ഷകൾ, 800 കോടി സ്വപ്നങ്ങള്‍, 800 കോടി സാധ്യതകൾ’ ലോകജനസംഖ്യ 800 കോടി തികഞ്ഞ നവംബർ 15-ന് ഐക്യരാഷ്ട്രസഭ പോപ്പുലേഷൻ ഫണ്ടിന്‍റെ (യു.എന്‍.എഫ്.പി.എ.) ട്വീറ്റ് ഇങ്ങനെയായിരുന്നു. ജനസംഖ്യ കൂടിയത് ദാരിദ്ര്യം കുറഞ്ഞതിന്റെയും ലിംഗസമത്വത്തിന്റെയും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ പുരോഗതിയുടെയും തെളിവുകൂടിയാണെന്ന് യു.എൻ.എഫ്.പി.എ. പറഞ്ഞു. പ്രസവമരണങ്ങളും ശിശുമരണങ്ങളും കുറഞ്ഞു. ഇതും ജനസംഖ്യാനിരക്കുയർത്തി. 700 കോടിയിൽനിന്ന് 800 കോടിയിലേക്കുള്ള യാത്രയിൽ കൂടുതൽപേർ അണിചേർന്നത് ഇന്ത്യയിൽനിന്നാണ് -17.7 കോടി. രണ്ടാമതുള്ള ചൈനയിൽനിന്ന് 7.3 കോടിയും. 700-ൽനിന്ന് 800 കോടിയിലെത്താൻ 12 വർഷമെടുത്തു. 15 വർഷംകൊണ്ടാകും അടുത്ത നൂറുകോടി. ഇതിലേക്ക് കൂടുതലാളുകളും ഏഷ്യ, ആഫ്രിക്ക വൻകരകളിൽ നിന്നാകും.

യുവ ഇന്ത്യ

ഇന്ത്യയിൽ 141 കോടിയും ചൈനയിൽ 142 കോടിയും ജനങ്ങളാണുള്ളത്. ജനസംഖ്യയുടെ കാര്യത്തിൽ അടുത്തവർഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തും. 2050-ല്‍ ഇന്ത്യയിലെ ജനസംഖ്യ 166 കോടിയും ചൈനയിലേത് 131 കോടിയുമാകും. യു.എന്‍.എഫ്.പി.എ.യുടെ കണക്കുപ്രകാരം നിലവിൽ ഇന്ത്യൻ ജനസംഖ്യയുടെ 68 ശതമാനം 15-നും 64-നും ഇടയിൽ പ്രായമുള്ളവരാണ്. 65-നുമുകളിൽ പ്രായമുള്ളവര്‍ ഏഴുശതമാനം. 27 ശതമാനംപേര്‍ 15-നും 29-നും ഇടയിലുള്ളവരും. ലോകത്ത് ഏറ്റവുംകൂടുതൽ യുവാക്കളുള്ള രാജ്യമായി 2030വരെ ഇന്ത്യ തുടരും. അടുത്ത പത്തുവർഷം ഇന്ത്യയിലുണ്ടാകുന്ന ജനസംഖ്യാവളർച്ചയുടെ മൂന്നിലൊന്നുഭാഗവും ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാകും. 2035-ഓടെ ചൈനയ്ക്ക് ‘പ്രായമാകും’. 40 കോടി ആളുകളുടെ പ്രായം 60-ന് മുകളിലാകും. ഇന്ത്യയിൽ ഓരോദിവസവും 86,000 ശിശുക്കള്‍ ജനിക്കുമ്പോൾ ചൈനയിലിത് 49,400 ആണ്.

കാത്തിരിക്കുന്നത് വെല്ലുവിളികൾ -യു.എൻ.

അവസരങ്ങൾക്കൊപ്പം ഒട്ടേറെ വെല്ലുവിളികളും 800 കോടി ജനങ്ങളെ കാത്തിരിക്കുന്നുവെന്ന് യു.എൻ. ജനറൽ സെക്രട്ടറി അന്റോണിയ ഗുട്ടെറെസ് പറഞ്ഞു. കാലാവസ്ഥാവ്യതിയാനവും കൂടിയ ജീവിതച്ചെലവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. 800 കോടി ജനങ്ങളുടെ ഭാവി ജി-20 ഉച്ചകോടിയിലെ ലോകനേതാക്കളുടെ തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍.എഫ്.പി.എ. കണ്ടെത്തിയ ലോകത്തെ എട്ടുപ്രവണതകള്‍

കുറയുന്ന വളർച്ചനിരക്ക്

കുറയുന്ന കുട്ടികൾ

ഉയർന്ന ആയുര്‍ദൈർഘ്യം

അന്താരാഷ്ട്ര കുടിയേറ്റങ്ങൾ

പ്രായമേറുന്ന ജനങ്ങൾ

സ്ത്രീകളുടെ ഉയർന്ന ആയുർദൈർഘ്യം

രണ്ടു മഹാമാരികൾ (കോവിഡ്, എയ്ഡ്സ്)

മാറുന്ന ജനസംഖ്യാകേന്ദ്രങ്ങൾ (രാജ്യങ്ങൾ)

അടുത്ത നൂറുകോടി ഈ രാജ്യങ്ങളിലൂടെ

ഇന്ത്യ

കോംഗോ

ഈജിപ്‍ത്

എത്യോപ്യ

നൈജീരിയ

പാകിസ്താൻ

ഫിലിപ്പീൻസ്

ടാൻസാനിയ

Content Highlights: world population reaches 800 crores

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..