പാർട്ടി കോൺഗ്രസിനൊരുങ്ങി ചൈന; പ്രതിനിധികളെ തിരഞ്ഞെടുത്തു


ഒക്ടോബർ 16-നു തുടങ്ങുന്ന കോൺഗ്രസ് എത്ര ദിവസമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷി ജിൻപിങ് മൂന്നാമതും പാർട്ടിയുടെയും രാജ്യത്തിന്റെയും നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.

പ്രതീകാത്മക ചിത്രം | Photo: AFP

ബെയ്ജിങ്: ഒക്ടോബർ 16-നു നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം കോൺഗ്രസിനുള്ള 2296 പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. പത്തുവർഷത്തിൽ രണ്ടുതവണ നടക്കുന്ന പാർട്ടി കോൺഗ്രസിലാണ് പൊളിറ്റ് ബ്യൂറോയിലേക്കുള്ള 25 അംഗങ്ങളെ തിരഞ്ഞെടുക്കുക. നിർണായക തീരുമാനമെടുക്കുന്ന വിഭാഗം എന്നതാണ് പൊളിറ്റ് ബ്യൂറോയുടെ പ്രാധാന്യം.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പാർട്ടി ഘടകങ്ങൾ യോഗം ചേർന്ന് 2296 പ്രതിനിധികളെ തിരഞ്ഞെടുത്തെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ടി.വി. ചാനലായ സി.സി.ടി.വി. ഞായറാഴ്ച അറിയിച്ചു. സ്ത്രീകളും വംശീയന്യൂനപക്ഷങ്ങളിൽപ്പെട്ടവരും പ്രതിനിധികളിലുണ്ട്. പാർട്ടി ഭരണഘടനയ്ക്കും പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും വിധേയരായിരിക്കണം ഈ പ്രതിനിധികളെല്ലാമെന്നും ചാനൽ പറഞ്ഞു.2296 പ്രതിനിധികൾ ചേർന്ന് കേന്ദ്രകമ്മിറ്റിയിലേക്കുള്ള 200 അംഗങ്ങളെ തിരഞ്ഞെടുക്കും. കേന്ദ്രകമ്മിറ്റിയാണ് പൊളിറ്റ് ബ്യൂറോയിലെ 25 അംഗങ്ങളെയും അധികാരകേന്ദ്രമായ സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങളെയും തിരഞ്ഞെടുക്കുക. ഏഴുപേരാണ് നിലവിൽ സ്റ്റാൻഡിങ് കമ്മിറ്റിയിലുള്ളത്.

ഒക്ടോബർ 16-നു തുടങ്ങുന്ന കോൺഗ്രസ് എത്ര ദിവസമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷി ജിൻപിങ് മൂന്നാമതും പാർട്ടിയുടെയും രാജ്യത്തിന്റെയും നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതിനുമുമ്പ് ആരും തുടർച്ചയായി മൂന്നുവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. രണ്ടുവട്ടം മാത്രം പ്രസിഡന്റ് പദവി എന്ന രീതി 2018-ൽ ഷി എടുത്തുകളഞ്ഞിരുന്നു. ഇതോടെ ആജീവനാന്തകാലം അധികാരത്തിൽ തുടരാൻ ഷിക്കു വഴിതെളിഞ്ഞു. മാവോ സെ തുങ്ങിനെപ്പോലെ മറ്റൊരു ഏകാധിപതി ചൈനയിലുണ്ടാകാതിരിക്കാൻ 1980-തുകളിൽ പ്രസിഡന്റ് ഡെങ് സിയാവോ പിങ്ങാണ് കാലാവധി രണ്ടുതവണയായി നിജപ്പെടുത്തിയത്.

ഷിയുടെ അധികാരത്തിനു വെല്ലുവിളിയുണ്ടെന്നും അദ്ദേഹത്തെ അട്ടിമറിച്ചെന്നും ശനിയാഴ്ച അഭ്യൂഹം പരന്നിരുന്നു.

Content Highlights: China: All delegates to 20th Communist Party Congress elected

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..