മാർച്ചില്‍ പങ്കെടുക്കാന്‍ ബിരിയാണി വാഗ്ദാനം; SFI-ക്ക് എതിരേ പോലീസില്‍ പരാതി നല്‍കി രക്ഷിതാക്കള്‍


2 min read
Read later
Print
Share

ബുധനാഴ്ച രാവിലെ പത്തിരിപ്പാല ഗവ. ഹൈസ്കൂളിൽ പരാതിനൽകാനെത്തിയ രക്ഷിതാക്കൾ പോലീസുമായി സംസാരിക്കുന്നു

പത്തിരിപ്പാല : രക്ഷിതാക്കളുടെയും സ്കൂളധികൃതരുടെയും അനുമതിയില്ലാതെ സ്കൂൾക്കുട്ടികളെ എസ്.എഫ്.ഐ. പ്രവർത്തകർ സമരത്തിനുകൊണ്ടുപോയെന്ന് പരാതി. പത്തിരിപ്പാല ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതിനൽകിയത്. ബിരിയാണി വാങ്ങിത്തരാമെന്നുപറഞ്ഞാണ് തങ്ങളെ സമരത്തിന്‌ കൂട്ടിക്കൊണ്ടുപോയതെന്ന് വിദ്യാർഥികളിൽ ചിലർ പറയുന്നു. സമരം കഴിഞ്ഞപ്പോൾ ബിരിയാണി കിട്ടിയില്ല. പകരം രക്ഷിതാക്കളുടെ ശകാരം.

പാലക്കാട് കളക്ടറേറ്റിലേക്ക് ചൊവ്വാഴ്ച എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽനടന്ന അവകാശ സംരക്ഷണ മാർച്ചിൽ പങ്കെടുക്കാനാണ് രക്ഷിതാക്കളറിയാതെ വിദ്യാർഥികളെ കൂട്ടത്തോടെ കൊണ്ടുപോയത്. ക്ലാസിൽ വിദ്യാർഥികൾ ഹാജരില്ലെന്ന്‌ മനസ്സിലാക്കിയ അധ്യാപിക വിവരം രക്ഷിതാക്കളെ അറിയിച്ചു. പരിഭ്രാന്തിയിലായ രക്ഷിതാക്കൾ, കുട്ടികളുടെ സഹപാഠികളോട് കാര്യമന്വേഷിച്ചപ്പോഴാണ് മാർച്ചിന് കൊണ്ടുപോയ വിവരമറിഞ്ഞത്.

ഇതോടെ, രക്ഷിതാക്കൾ സ്കൂളിനുമുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ കുട്ടികളുമായി സമരംകഴിഞ്ഞുവന്ന എസ്.എഫ്.ഐ. പ്രവർത്തകരെ രക്ഷിതാക്കൾ ചോദ്യംചെയ്തു. രക്ഷിതാക്കളിലൊരാൾ എസ്.എഫ്.ഐ. പ്രവർത്തകരെ മർദിച്ചതായും പരാതിയുണ്ട്.

സമരംകഴിഞ്ഞ് ചൊവ്വാഴ്ച വൈകീട്ട് 3.45-ഓടെ വിദ്യാർഥികളെ സംസ്ഥാനപാതയിൽ പത്തിരിപ്പാലയ്ക്കുസമീപം ഒരു ഹോട്ടലിന്റെ മുന്നിലിറക്കിവിട്ടെന്ന് രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ, കുട്ടികൾക്ക് വെള്ളംവാങ്ങിക്കൊടുക്കാനാണ് അവിടെ നിർത്തിയതെന്ന് എസ്.എഫ്.ഐ. പ്രവർത്തകർ പറഞ്ഞു.

സംഭവത്തിൽ മങ്കര ആലുംകൂട്ടത്തിൽ യൂസഫ് എന്ന രക്ഷിതാവ് ചൊവ്വാഴ്ച വൈകീട്ടുതന്നെ മങ്കര പോലീസിന്‌ പരാതി നൽകിയിരുന്നു. ബുധനാഴ്ചരാവിലെ കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി വിദ്യാലയത്തിലെത്തി. പരാതി സ്വീകരിക്കാൻ വിദ്യാലയ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കി.

സംഭവം ആവർത്തിക്കരുത്

മങ്കര ഇൻസ്‌പെക്ടർ കെ. ഹരീഷിന്റെ അധ്യക്ഷതയിൽ സ്കൂളിൽ പി.ടി.എ. ഭാരവാഹികളുടെ യോഗം നടത്തി. പി.ടി.എ. മണ്ണൂർപഞ്ചായത്ത് പ്രസിഡന്റ്, വിദ്യാലയ അധികൃതർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, രക്ഷിതാക്കൾ, എസ്.എഫ്.ഐ. പ്രവർത്തകർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. രക്ഷിതാക്കളുടെ പരാതിസ്വീകരിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും യോഗത്തിൽ തീരുമാനമായതായി ഇൻസ്പെക്ടർ പറഞ്ഞു.

രക്ഷിതാക്കളായ അക്ബർ അലി, ശങ്കരൻകുട്ടി, അബ്ദുൾമനാഫ് എന്നിവർ പ്രധാനാധ്യാപികയ്ക്ക് പരാതിനൽകി. സംസ്ഥാന ബാലാവകാശ കമ്മിഷനും വിദ്യാഭ്യാസവകുപ്പിനും പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.എച്ച്. ഷക്കീർ ഹുസൈൻ പറഞ്ഞു.

നിർബന്ധിച്ച് പങ്കെടുപ്പിച്ചില്ല

വിദ്യാർഥികൾ സ്വന്തം ഇഷ്ടപ്രകാരമാണ് സമരത്തിനായി പോയതെന്നും മറ്റ് ആരോപണങ്ങൾ രാഷ്ടീയലക്ഷ്യംവെച്ചുള്ളതാണെന്നും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി എസ്. വിപിൻ പറഞ്ഞു.

മാർച്ചിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ല. 18 മുതൽ മാർച്ചുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവർ പങ്കെടുത്തത്. എസ്.ഡി.പി.ഐ., കോൺഗ്രസ് പ്രവർത്തകരാണ് ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: biriyani issue: Complaint of parents against SFI activists

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..