കോൺഗ്രസ് എം.എൽ.എ.മാരെപ്പോലെ കറുപ്പണിഞ്ഞ് നിയമസഭാ സമ്മേളനത്തിനെത്തിയ ബി.ജെ.പി. നേതാവ് വാനതി ശ്രീനിവാസൻ കോൺഗ്രസ് നേതാവ് വിജയധരണിക്കൊപ്പം
ചെന്നൈ : രാഹുൽഗാന്ധിയെ എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് നിയമസഭയിൽ കറുത്തവസ്ത്രം ധരിച്ചുവന്ന കോൺഗ്രസ് എം.എൽ.എ.മാരെപ്പോലെ കറുപ്പണിഞ്ഞെത്തി ബി.ജെ.പി. എം.എൽ.എയും. മഹിളാമോർച്ച ദേശീയ അധ്യക്ഷയും കോയമ്പത്തൂർ സൗത്ത് എം.എൽ.എ.യുമായ വാനതി ശ്രീനിവാസനാണ് കറുത്തവസ്ത്രം ധരിച്ച് സഭയിലെത്തിയത്. കോൺഗ്രസിനൊപ്പം പ്രതിഷേധിക്കുകയാണോയെന്ന് സ്പീക്കർ അപ്പാവു ചോദിച്ചപ്പോൾ, അടിയന്തരാവസ്ഥക്കാലത്തിന് എതിരേയുള്ള പ്രതിഷേധമാണെന്നായിരുന്നു വാനതിയുടെ മറുപടി.
സമ്മേളനത്തിൽ പങ്കെടുക്കാൻ രാവിലെ നിയമസഭയ്ക്ക് മുന്നിൽ എത്തുന്നതുവരെ വാനതിക്ക് കറുത്തസാരി ധരിച്ചതിലുള്ള അപകടം മനസ്സിലായില്ല.
കോൺഗ്രസ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണോ കറുത്തസാരി ധരിച്ചതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. കോൺഗ്രസ് പ്രതിഷേധം ഇന്നാണോയെന്ന് ചോദിച്ച് തലയിൽ കൈവെച്ചുനിന്ന വാനതിയെ കറുത്തസാരി ധരിച്ചെത്തിയ കോൺഗ്രസ് എം.എൽ.എ. വിജയധരണി സ്വീകരിച്ചതോടെ ചിരിപടർന്നു.
പിന്നീട് സമ്മേളനം തുടങ്ങിയപ്പോൾ സ്പീക്കറും വാനതി കറുപ്പണിഞ്ഞെത്തിയത് ചൂണ്ടിക്കാട്ടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..