സുബൈർ വധക്കേസില്‍ ഒരാൾകൂടി പോലീസ് കസ്റ്റഡിയിൽ


2 min read
Read later
Print
Share

പോലീസ് കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതി രമേശ്, ആറുമുഖൻ, ശരവണൻ എന്നിവരുമായി വ്യാഴാഴ്ച ഉച്ചയോടെ കൃത്യം നടന്ന എലപ്പുള്ളി നോമ്പിക്കോടിന് സമീപം കുപ്പിയോട് റോഡരികിൽ പോലീസ് തെളിവെടുപ്പ് നടത്തി.

.

പാലക്കാട് : എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രാദേശികനേതാവ് സുബൈർ വധക്കേസിൽ ഒരാൾകൂടി പോലീസ് പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത അട്ടപ്പള്ളം സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സുബൈർ വധക്കേസിലെ മുഖ്യപ്രതി രമേശിന്റെ സുഹൃത്താണ് അട്ടപ്പള്ളം സ്വദേശി. രമേശ് അടക്കമുള്ളവരോടൊപ്പം ഗൂഢാലോചനകളിൽ പങ്കാളികളായ ഇയാൾക്ക് സുബൈർ കൊല്ലപ്പെടുമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നിട്ടും ഈ വിവരം മറച്ചുവെച്ചതും നടപടി സ്വീകരിക്കുന്നതിന് കാരണമായതായി സൂചനയുണ്ട്.

പോലീസ് കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതി രമേശ്, ആറുമുഖൻ, ശരവണൻ എന്നിവരുമായി വ്യാഴാഴ്ച ഉച്ചയോടെ കൃത്യം നടന്ന എലപ്പുള്ളി നോമ്പിക്കോടിന് സമീപം കുപ്പിയോട് റോഡരികിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കനത്ത പോലീസ് കാവലിൽ അധികമാരും അറിയാതെയാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്. അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി.എസ്. ഷംസുദ്ദീൻ പോലീസ് സംഘത്തിന് നേതൃത്വം നൽകി.

ആദ്യം പോലീസ് വാനിൽനിന്ന് മുഖ്യപ്രതി രമേശിനെ പുറത്തിറക്കി, കൃത്യം നടന്ന സ്ഥലത്ത് മനഃപൂർവം ഉണ്ടാക്കിയ വാഹനാപകടത്തെക്കുറിച്ച് പോലീസ് ചോദിച്ചറിഞ്ഞു. സംഭവസ്ഥലത്തിന് 250 മീറ്റർ മാത്രം ദൂരത്തുള്ള പള്ളിയിൽനിന്ന് മടങ്ങുമ്പോഴാണ് നോമ്പിക്കോട് ഭാഗത്തുനിന്ന്‌ അമിതവേഗത്തിൽ കാറോടിച്ചെത്തിയ രമേശ്, സുബൈറും പിതാവ് അബൂബക്കറും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തുന്നത്.

സുബൈർ ബൈക്കിൽ വരുന്നതിന്റെ വിവരങ്ങൾ രമേശിന് കൈമാറിയത് ശരവണനും ആറുമുഖനുമാണ്. മറ്റൊരു കാറിൽ സുബൈറിന്റെ ബൈക്കിന് പിന്നാലെയാണ് ഇവർ സംഭവസ്ഥലത്തെത്തിയത്. കാറിടിച്ച് ബൈക്ക് വീണതിന് പിന്നാലെ എഴുന്നേറ്റ സുബൈർ രമേശിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് ബൈക്കിൽ ഇടിപ്പിച്ച കാറുപേക്ഷിച്ച് ശരവണനും ആറുമുഖനും എത്തിയ കാറിൽ മൂവരും രക്ഷപ്പെട്ടതായും പോലീസിനെ അറിയിച്ചു. ഫോറൻസിക് പരിശോധനയടക്കം പൂർത്തിയാക്കി കൃത്യം നടന്ന സ്ഥലത്ത് പത്ത് മിനിട്ടോളം ചെലവഴിച്ചശേഷമാണ് പോലീസ് സംഘം പ്രതികളുമായി മടങ്ങിയത്.

കേസുമായി ബന്ധപ്പെട്ട്‌ മറ്റു ചിലയിടങ്ങളിലും പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഗൂഢാലോചനയടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം ശക്തമാകുന്നതോടെ പ്രതികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.

ജനകീയ പ്രതിഷേധം സംഘടിപ്പിക്കും

പാലക്കാട് : കേസന്വേഷണത്തിന്റെ പേരിൽ ജില്ലയിലെ പോലീസ്, അതിക്രമങ്ങൾ നടത്തുന്നതായി എസ്.ഡി.പി.ഐ. ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. ഇതിനെതിരേ ജനകീയ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. ഉസ്മാൻ, അജ്മൽ ഇസ്മാഈൽ, സംസ്ഥാന സമിതി അംഗം എസ്.പി. അമീറലി, ജില്ലാ പ്രസിഡന്റ് ഷെഹീർ ചാലിപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. അലവി, സെക്രട്ടറി വാസു വല്ലപ്പുഴ, ഖജാൻജി അലി എന്നിവർ സംസാരിച്ചു.

Content Highlights: one more have been under police custody in Subair murder case

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..