Image for Representation. Mathrubhumi Archives
ഒറ്റപ്പാലം : ഒടുവിൽ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് തീവണ്ടിയുടെ നിയന്ത്രണങ്ങൾ നീക്കി. തീവണ്ടി കണ്ണൂർവരെ ദിവസവും സർവീസ് നടത്താൻതുടങ്ങി.
മലബാർ മേഖലയിലേക്കുള്ള യാത്രക്കാരിൽനിന്ന് വ്യാപക പരാതിയുയർന്നതോടെയാണ് സർവീസ് പൂർണാർഥത്തിൽ പുനഃസ്ഥാപിച്ചത്. രണ്ടുമാസത്തോളമായി തീവണ്ടി ആഴ്ചയിൽ അഞ്ചുദിവസവും ഷൊർണൂരിൽ യാത്രയവസാനിപ്പിക്കുന്നരീതിയിൽ നിയന്ത്രണമുണ്ടായിരുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽമാത്രമാണ് കണ്ണൂർവരെ ഓടിയിരുന്നത്.
യാത്രക്കാരുടെ പരാതികൾക്കൊപ്പം കോട്ടയംഭാഗത്തേക്കുള്ള പല തീവണ്ടികൾക്കും യാത്രാനിയന്ത്രണമുണ്ടെന്നതും ആലപ്പുഴയിൽനിന്നുവരുന്ന എക്‌സിക്യൂട്ടീവ് എക്സ്പ്രസിനുള്ള നിയന്ത്രണം നീക്കുന്നതിന് കാരണമായി.
ആലപ്പുഴയിൽനിന്ന് 2.50-ന് തീവണ്ടി പുറപ്പെട്ട് പഴയ സമയക്രമംപോലെ 7.12-ന് ഷൊർണൂരിലെത്തും. രാത്രി 9.07-ന് കോഴിക്കോട്ടും 11.10-ന് കണ്ണൂരിലുമെത്തും.
തിരൂർ-കോഴിക്കോട്-കണ്ണൂർ പാതയിൽ പണിനടക്കുന്നതാണ് ഈ തീവണ്ടിക്കുള്ള നിയന്ത്രണത്തിന് കാരണമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ദീർഘദൂരവണ്ടികൾ കൃത്യമായി സർവീസ് നടത്തുകയുംചെയ്തിരുന്നു.
തൃശ്ശൂർ, ഷൊർണൂർ ഭാഗങ്ങളിൽ ജോലിചെയ്യുന്ന സർക്കാർജീവനക്കാർ മലബാറിലേക്ക് പോകാൻ സ്ഥിരമായി ആശ്രയിക്കുന്ന തീവണ്ടിയാണ് എക്സിക്യൂട്ടീവ്. ഇത് ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചിരുന്നത് യാത്രക്കാരെ അലോസരപ്പെടുത്തി.
തുടർന്ന്, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്ക് പരാതിനൽകിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..