Caption
ഒറ്റപ്പാലം : വൈദ്യുതലൈനുകൾക്ക് സമീപം തോട്ടിയോ മറ്റോ ഉപയോഗിക്കുമ്പോഴും പൊട്ടിവീണ ലൈനുകൾ കാണുമ്പോഴും ശ്രദ്ധിക്കണം. വീടുകളിൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോഴും സ്വിച്ചിടുമ്പോഴുമെല്ലാം ഈ ശ്രദ്ധവേണം. വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണം പാലക്കാട് ജില്ലയിൽ കൂടുന്നു.
കഴിഞ്ഞ നാലുമാസത്തിനിടെ ഷോക്കേറ്റുമാത്രം 15 പേർ മരിച്ചപ്പോൾ അതിൽ ആറുപേരും വൈദ്യുതലൈനുകളിൽനിന്ന് ഷോക്കേറ്റാണ് മരിച്ചത്. പൊട്ടിയ വൈദ്യുതലൈനുകളിൽ നിന്ന് തോട്ടിയോ ഏണിയോ ഉപയോഗിച്ചതുമൂലമാണ് ഈ ആറുപേരും മരിച്ചതെന്നും മഴക്കാലത്ത് വൈദ്യുതി സൂക്ഷിച്ചുപയോഗിക്കണമെന്നുമാണ് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ നിർദേശം.
ജില്ലയിൽ കഴിഞ്ഞ ഏപ്രിൽമുതൽ ജൂലായ് വരെ 24 ഗുരുതര വൈദ്യുത അപകടങ്ങളാണ് നടന്നത്. അതിൽ 15 ആളുകൾക്കും 12 മൃഗങ്ങൾക്കും ജീവഹാനി സംഭവിച്ചു. നാലുപേർക്കാണ് ഷോക്കേറ്റ് ഗുരുതര പരിക്കേറ്റത്. വൈദ്യുതി അശ്രദ്ധമായി കൈകാര്യംചെയ്തതാണ് പലരെയും അപകടത്തിലെത്തിച്ചത്. കായ്‌കനികൾ പറിക്കാനായി ഏണിയോ തോട്ടിയോ വൈദ്യുതലൈനിന് സമീപത്ത് ഉപയോഗിക്കുന്ന പ്രവണത കൂടിയിട്ടുണ്ടെന്നാണ് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ കണ്ടെത്തൽ. മൂന്നുപേരാണ് ഇത്തരത്തിൽ മരിച്ചത്. സിംഗിൾഫേസ് ലൈനുകളും 33 കെ.വി. വൈദ്യുതി പ്രവഹിക്കുന്ന ലൈനുകൾവരെ പൊതുയിടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.
അതിനാൽ, ലോഹത്തോട്ടികൾ മാറ്റി മുളയുടെയോ ഫൈബർനിർമിത തോട്ടികളോ ഉപയോഗിച്ചാൽപ്പോലും സുരക്ഷിതമല്ലെന്ന് പാലക്കാട് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടർ ചുമതലവഹിക്കുന്ന സുജേഷ് പി.ഗോപി അറിയിച്ചു. പൊട്ടിയ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റതും മതിയായ അറ്റകുറ്റപ്പണി നടത്താത്തതുംമൂലം മൂന്നുപേർ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇത്തരം ലൈനിൽനിന്ന് ഷോക്കേറ്റാണ് ഒമ്പത് മൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ചത്.ഇവ ശ്രദ്ധിക്കാം വീടുകളിൽ വൈദ്യുതിചോർച്ച തടയാൻ റെസിഡ്വൽ കറന്റ് സർക്യൂട്ട് ബ്രേക്കർ ഉപയോഗിക്കണം.
വീടുകളിൽ മെയിൻ സ്വിച്ചുകൾക്ക് പകരം മിനിയേച്ചർ ഐസൊലേറ്ററുകൾ സ്ഥാപിക്കുക.
എർത്ത് കേബിൾ വീടുകളിൽനിന്ന് 1.5 മീറ്റർ അകലത്തിലെങ്കിലും സ്ഥാപിക്കണം.
നനഞ്ഞ കൈകൾകൊണ്ട് വൈദ്യുതോപകരണങ്ങളിൽ സ്പർശിക്കരുത്.
വയറിങ്ങും മറ്റ് അറ്റകുറ്റപ്പണികളും ചെയ്യുമ്പോൾ ലൈസൻസുള്ള കോൺട്രാക്ടർമാരെ നിയോഗിക്കണം.
ലൈനുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തകരാറുണ്ടെങ്കിൽ സ്വയം പരിഹരിക്കാതെ കെ.എസ്.ഇ.ബി. അധികൃതരുടെ സേവനം തേടണം.
ലൈനുകൾക്ക് സമീപം ഏണികൾ, തോട്ടികൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
- ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..