വാതക പൈപ്പ്‌ലൈനിൽ ചോർച്ചയെന്ന് സംശയം; അറ്റകുറ്റപ്പണി തുടങ്ങി


ഗെയ്ൽ വാതക പൈപ്പ്‌ലൈൻ കടന്നുപോകുന്ന, മലമ്പുഴ കാഞ്ഞിരക്കടവ് എസ്.എൻ. നഗർ ഭാഗത്ത് പുഴയിൽ നിർമിച്ച കോൺക്രീറ്റ് പാളി കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നു

പാലക്കാട് : മലമ്പുഴ പുഴയിലൂടെ കടന്നുപോകുന്ന ഗെയ്ൽ പ്രകൃതിവാതക പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായെന്ന സംശയത്തെത്തുടർന്ന് അറ്റകുറ്റപ്പണി തുടങ്ങി. മലമ്പുഴ കാഞ്ഞിരക്കടവ് എസ്.എൻ. പുരം ഭാഗത്ത് പുഴയിലൂടെ പൈപ്പ് കടന്നുപോകുന്നയിടത്ത് ചോർച്ചയുണ്ടെന്ന് സമീപവാസികൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ്‌ നടപടി. രണ്ടാഴ്ചമുമ്പ് മലമ്പുഴ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടിരുന്നു. ഈസമയത്ത് പൈപ്പ്‌ലൈൻ കടന്നുപോകുന്ന ഭാഗത്ത് വെള്ളത്തിനടിയിൽനിന്ന് തുടർച്ചയായി കുമിളകൾ വരുന്നത് ഇവിടെ കുളിക്കാനെത്തിയവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഗെയ്ൽ അധികൃതർ പ്രദേശത്ത് 24 മണിക്കൂർ കാവലേർപ്പെടുത്തി നിരീക്ഷണം നടത്തിവരികയാണ്.

കഴിഞ്ഞദിവസം മലമ്പുഴ അണക്കെട്ടിന്റെ ഷട്ടർ അടച്ചതോടെ പുഴ വറ്റി. ഇതോടെയാണ് ഗെയ്ൽ അധികൃതർ സാങ്കേതിക ഉപകരണങ്ങളെത്തിച്ച് പരിശോധനയ്ക്ക്‌ ശ്രമമാരംഭിച്ചത്. പുഴയിലൂടെ കടന്നുപോകുന്ന പൈപ്പിന് മുകളിൽ സുരക്ഷയ്ക്കായി ശക്തമായ കോൺക്രീറ്റ് പാളി നിർമിച്ചിട്ടുണ്ട്. ഇത് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയശേഷമാണ് പൈപ്പ് പരിശോധിക്കുക. കോൺക്രീറ്റ് പാളി മുറിച്ചുനീക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. ചോർച്ച സംബന്ധിച്ച് ഇതുവരെ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പരിശോധനകൾ നടന്നുവരുന്നതായും ഗെയ്ൽ അധികൃതർ പറഞ്ഞു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..