സംഗീതാർച്ചനയുമായി പുതുക്കോട് കൃഷ്ണമൂർത്തി അനുസ്മരണം


പുതുക്കോട് വടക്കേഗ്രാമത്തിൽ നടന്ന പുതുക്കോട് കൃഷ്ണമൂർത്തി അനുസ്മരണം പി.പി. സുമോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

പുതുക്കോട് : സംഗീതജ്ഞൻ പുതുക്കോട് കൃഷ്ണമൂർത്തിയുടെ സ്മരണാർഥം നടക്കുന്ന ഒരുവർഷത്തെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കമായി.

വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹത്തിന്റെ ജന്മനാടായ പുതുക്കോട്ട് അനുസ്മരണം നടന്നു. പുതുക്കോട് കൃഷ്ണമൂർത്തിയുടെ പേരിൽ സ്മാരകം നിർമിക്കാൻ മുൻകൈ എടുക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പി.പി. സുമോദ് എം.എൽ.എ. പറഞ്ഞു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ സ്മാരകം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്നും എം.എൽ.എ. പറഞ്ഞു.പുതുക്കോട് ഗ്രാമം സാംസ്‌കാരിക സമിതി പ്രസിഡന്റ് വിനോദ് രാജഗോപാലൻ അധ്യക്ഷനായി. അറിയപ്പെടാതെ പോയ സംഗീതപ്രതിഭകളിൽ മുൻപന്തിയിലുള്ളയാളാണ് പുതുക്കോട് കൃഷ്ണമൂർത്തിയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സംഗീത ഗവേഷകനും എഴുത്തുകാരനുമായ രമേശ് ഗോപാലകൃഷ്ണൻ പറഞ്ഞു. അഞ്ച് രാഗത്തിലും അഞ്ച് താളത്തിലുമായി പുതുക്കോട് കൃഷ്ണമൂർത്തി രചിച്ച് ചിട്ടപ്പെടുത്തിയ ദേവിപഞ്ചരത്‌നം അദ്ദേഹത്തിന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ഉദാഹരണങ്ങളിൽ ഒന്നാണെന്ന് രമേശ് ഗോപാലകൃഷ്ണൻ പറഞ്ഞു.

അനുസ്മരണവേദിയിൽ കർണാടകസംഗീതജ്ഞൻ പുതുക്കോട് ജി. വിശ്വനാഥനെ ആദരിച്ചു. ഗ്രാമം സാംസ്‌കാരികസമിതി സെക്രട്ടറി കെ.എൻ. അരുൺ, പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന, ആർ. ശ്രീജിത്, പി.എൻ. ശേഷാദ്രീശ്വരൻ, കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമം സാംസ്‌കാരിക സമിതിയും പുതുക്കോട് കൃഷ്ണമൂർത്തി സ്മാരക ട്രസ്റ്റും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഭരത് നാരായണന്റെ കച്ചേരിയോടെയാണ് പരിപാടികൾക്ക് സമാപനമായത്. ആദിത്യ അനിൽ (വയലിൻ), ഋഷി വിശ്വനാഥൻ (മൃദംഗം) എന്നിവർ പക്കമേളമൊരുക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..