ആനകൾ തീവണ്ടി തട്ടി ചരിയുന്നത് തടയാൻ നിർമിതബുദ്ധിയുടെ സഹായംതേടി തമിഴ്‌നാട്


ചെന്നൈ : വനമേഖലയ്ക്കുസമീപം റെയിൽപ്പാളത്തിൽ ആനകൾ തീവണ്ടിതട്ടി ചരിയുന്നത് തടയാൻ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്) ഉപയോഗപ്പെടുത്താനുള്ള നടപടിയുമായി തമിഴ്‌നാട് സർക്കാർ. ഇതിനുള്ള പദ്ധതികൾ സമർപ്പിക്കാൻ വനംവകുപ്പ് ടെൻഡർ ക്ഷണിച്ചു. ഈ മാസം അവസാനത്തോടെ അന്തിമരൂപമാകുമെന്ന് വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു.

തമിഴ്‌നാട്-കേരള അതിർത്തിയിൽ വാളയാറിനുസമീപം കാട്ടാനകൾ തീവണ്ടിതട്ടി ചരിയുന്നത് പതിവായതോടെയാണ് പ്രശ്നത്തിന് പരിഹാരംകാണാൻ തമിഴ്‌നാട് സർക്കാർ ആലോചന തുടങ്ങിയത്. കഴിഞ്ഞ വർഷം നവംബറിൽ മൂന്ന് ആനകൾ ഇവിടെ തീവണ്ടിതട്ടി ചരിഞ്ഞിരുന്നു. കഴിഞ്ഞ പത്തുവർഷത്തിൽ എട്ട് ആനകൾ ഇത്തരത്തിൽ ചരിഞ്ഞു. രാത്രിയിലാണ് അപകടങ്ങൾ.രാത്രി ഇതുവഴി കടന്നുപോകുമ്പോൾ തീവണ്ടികൾ വേഗംകുറയ്ക്കണമെന്ന് തമിഴ്‌നാട് സർക്കാർ നിർദേശിച്ചെങ്കിലും ഇത് സാധ്യമല്ലെന്ന് റെയിൽവേ വ്യക്തമാക്കി. മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിലാണ് നിലവിൽ രാത്രിയിൽ ഇതുവഴി തീവണ്ടികൾ കടന്നുപോകുന്നത്. ഇതിലും വേഗം കുറയ്ക്കുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. തുടർന്നാണ് നിർമിതബുദ്ധി പരീക്ഷിക്കാൻ തീരുമാനിച്ചത്.



ആനകൾ പാളത്തിനുസമീപം എത്തുന്നത് നേരത്തേ തിരിച്ചറിയുന്നതിനും ഈ വിവരം ലോക്കോപൈലറ്റിനെ അറിയിക്കുന്നതിനുമുള്ള മാർഗങ്ങളാണ് ആരായുന്നത്. എ.ഐ. കമ്പനികൾ സമർപ്പിക്കുന്ന പദ്ധതികളിൽനിന്ന് ഇൗ മാസംതന്നെ അനുയോജ്യമായത് തിരഞ്ഞെടുക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..