ഒഴുക്കിൽപ്പെട്ട അതിഥിത്തൊഴിലാളിയെ അഞ്ചാംനാളും കണ്ടെത്താനായില്ല


ദുരന്തനിവാരണസേനയെത്തി

ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ കാണാതായ അതിഥിത്തൊഴിലാളിക്കായി ദുരന്തനിവാരണസേന തിരച്ചിൽ നടത്തുന്നു

ഒറ്റപ്പാലം : 14 വയസ്സുകാരനെ രക്ഷിക്കാനായി ഭാരതപ്പുഴയിലേക്ക് ചാടി, ഒഴുക്കിൽപ്പെട്ട അതിഥിത്തൊഴിലാളിയെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. തൃശ്ശൂരിൽനിന്നെത്തിയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. കാണാതായ തമിഴ്‌നാട് ധർമപുരി ജില്ലയിലെ പാപ്പരപ്പെട്ടി സ്വദേശി ലിംഗത്തിനായി (48) 18 അംഗ സംഘം രാവിലെ മുതൽ തിരച്ചിൽ നടത്തിയിരുന്നു.

മായന്നൂർ പാലത്തിന് സമീപത്തുനിന്ന് ആറുകിലോമീറ്റർ ദൂരംവരെ തിരച്ചിൽ നടന്നു. വാണിയംകുളത്തെ മാന്നന്നൂർ ഉരുക്കുതടയണ പ്രദേശംവരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മലമ്പുഴ അണക്കെട്ട് തുറന്നതുമൂലമുണ്ടായ ശക്തമായ നീരൊഴുക്കാണ് ഇപ്പോഴും തിരച്ചിലിന് തടസ്സമാകുന്നത്. കഴിഞ്ഞ ദിവസം 17 അംഗ മുങ്ങൽ വിദഗ്‌ധരടങ്ങിയ സംഘം പകൽ മുഴുവൻ പരിശോധന നടത്തിയിരുന്നു. ആദ്യ മൂന്ന് ദിവസങ്ങളിൽ ഷൊർണൂർ, വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയിരുന്നത്.



ഭാരതപ്പുഴയിൽ മായന്നൂർ പാലത്തിനുസമീപം കിഴക്കേത്തോട് പുഴയുമായി ചേരുന്ന ഒഴുക്ക്‌ കൂടിയ ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. അയൽവാസിയായ ശിവയ്ക്കൊപ്പം (14) ലിംഗം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ആദ്യം ഒഴുക്കിൽപ്പെട്ട ശിവയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലിംഗം ഒഴുക്കിൽപ്പെട്ടത്. ഓടിയെത്തിയ നാട്ടുകാർ ശിവയെ രക്ഷപ്പെടുത്തിയെങ്കിലും ലിംഗത്തെ കണ്ടെത്താനായില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..