ഛത്തീസ്ഗഢിലുണ്ടായ മാവോവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം ധോണി പൈറ്റാംകുന്നിലെ വീട്ടിലെത്തിച്ചപ്പോൾ പിതാവ് സുലൈമാൻ പൊട്ടിക്കരയുന്നു
പാലക്കാട് : ഛത്തീസ്ഗഢിലുണ്ടായ മാവോവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന് നാടിന്റെ പ്രണാമം. മുദ്രാവാക്യങ്ങളും നിറകണ്ണുകളുമായി ഭൗതികശരീരം ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങി.
ഛത്തീസ്ഗഢിൽനിന്ന് വൈകീട്ട് ആറിന് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സൈനികാകമ്പടിയോടെ രാത്രി എട്ടരയ്ക്കാണ് വാളയാറിലെത്തിച്ചത്. കളക്ടർ മൃൺമയിജോഷി, എസ്.പി. ആർ. വിശ്വനാഥ്, എ. പ്രഭാകരൻ എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ഔദ്യോഗികബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി. ഇവിടെനിന്ന് വിലാപയാത്രയായി രാത്രി 9.30-ന് മൃതദേഹം ധോണി പൈറ്റാംകുന്നിലെ വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് ഹക്കീമിന്റെ വീടിനുമുന്നിൽ തടിച്ചുകൂടിയത്. നെഞ്ചുപിടയ്ക്കുന്ന വേദനയുമായി പിതാവ് സുലൈമാൻ മൃതദേഹത്തിനരികിലെത്തി പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർക്കും വേദനയടക്കാനായില്ല. സൈനികർക്കൊപ്പം ആത്മാഭിമാനത്തോടെ സല്യൂട്ട് നൽകി നാട്ടുകാരും കുടുംബത്തിന്റെ കണ്ണീരിൽ പങ്കുചേർന്നു. വി.കെ. ശ്രീകണ്ഠൻ എം.പി, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, സി.പി.എം. മുണ്ടൂർ ഏരിയ സെക്രട്ടറി സി.ആർ. സജീവ്, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും ഹക്കീമിന്റെ വീട്ടിലെത്തിയിരുന്നു. വിലാപയാത്ര വരുന്ന വഴികളിൽ സൈനികന് പുഷ്പാഞ്ജലിയർപ്പിക്കാൻ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പാലക്കാടൻ സൈനികക്കൂട്ടായ്മ ‘കരിമ്പന’യും സി.ആർ.പി.എഫുകാരുടെ പാലക്കാടൻ സ്നേഹക്കൂട്ടായ്മയും യുവജനപ്രസ്ഥാനങ്ങളിൽപ്പെട്ടവരും ധോണിയിലെത്തി. ആദരസൂചകമായി വൈകീട്ട് ഏഴിനുമുമ്പേ ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ളവർ കടകളടച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന് ധോണി ഉമ്മിനി സ്കൂളിലെ പൊതുദർശനത്തിനുശേഷം 10-ന് ഉമ്മിനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..