Caption
പട്ടാമ്പി: മുതുതല, തിരുവേഗപ്പുറ, പരുതൂർ സമഗ്ര ശുദ്ധജലവിതരണപദ്ധതിയുടെ നിർമാണം വേഗത്തിൽ തീർക്കാനാണ് ശ്രമമെങ്കിലും അതിന് തടസ്സങ്ങൾ ഏറെയാണ്. പദ്ധതിപ്രകാരം മുതുതല പഞ്ചായത്തിൽ 118 കിലോമീറ്ററും പരുതൂരിൽ 115 കിലോമീറ്ററും തിരുവേഗപ്പുറയിൽ 123 കിലോമീറ്ററും നീളത്തിലാണ് പൈപ്പ് ഇടാനുണ്ടായിരുന്നത്. പൈപ്പുകൾക്ക് 500 മില്ലീമീറ്റർ മുതൽ 90 മില്ലീമീറ്റർ വരെയാണ് വ്യാസം.
മഴയും വെള്ളക്കെട്ടും തടസ്സങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൂടാതെ പാതയോരത്ത് വലിയ പാറക്കെട്ടുകളുള്ളതും പ്രയാസങ്ങൾ ഉണ്ടാക്കുന്നു. ആറുമീറ്റർ നീളമുള്ള ഒരു പൈപ്പിടാൻ പാറ പൊട്ടിക്കുമ്പോൾ അതിന്റെ മൂന്നിരട്ടി പൊളിഞ്ഞുപോരുകയാണ്. ഇതുതടസ്സമാകുന്നതിനാൽ, പണിയ്ക്ക് വേഗംകൂട്ടാൻ കൂടുതൽ തൊഴിലാളികളെ നിയോഗിച്ചു.
പെരുമുടിയൂർ-മുതുതല-തൃത്താല-കൊപ്പം പ്രധാനപാതയിൽ അടുത്തിടെയാണ് പൈപ്പിടാൻ അനുമതികിട്ടിയത്. എന്നാൽ, ചിലസ്ഥലത്ത് വീതിക്കുറവുള്ളത് വെല്ലുവിളിയാവുന്നുണ്ട്. ടാർചെയ്ത ഭാഗം പൊളിക്കേണ്ട അവസ്ഥയുമുണ്ട്.
അനുമതി കിട്ടാനുള്ളവ
ഇനി ഏതാണ്ട് 20 കിലോമീറ്റർ നീളത്തിൽ പാതയോരത്ത് പൈപ്പിടാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാനുണ്ട്. അതിനുള്ള അപേക്ഷനൽകി കാത്തിരിക്കുകയാണ്. രണ്ടുസ്ഥലത്ത് റെയിൽവേലൈനിനുകുറുകെ പൈപ്പിടാനുണ്ട്. ഇതിന് റെയിൽവേയുടെ അനുമതിയും വേണം. കൊടുമുണ്ട റെയിൽവേഗേറ്റിനുസമീപമാണ് ഒന്ന്. പാൽത്തറ റെയിൽവേഗേറ്റിനുസമീപമാണ് മറ്റൊന്ന്.
കരിയന്നൂർ ഭാഗത്തേക്കുള്ള ഒരുകിലോമീറ്റർ പാതയോരത്ത് പൈപ്പിടാൻ ഉടൻ അനുമതികിട്ടുമെന്നാണ് പ്രതീക്ഷ.
പാത നന്നാക്കാൻ അടച്ചത് 1.43 കോടി
കാരക്കുത്ത്-മാഞ്ഞാമ്പ്ര പാത പ്രധാനമന്ത്രി സടക് യോജന പദ്ധതിയിൽ 4.53 കോടിരൂപ ചെലവിൽ നന്നാക്കാൻ ദർഘാസായതായിരുന്നു. പദ്ധതിക്കായി 6.5 കിലോമീറ്റർ നീളത്തിൽ 400 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പിടാൻ കരിങ്കൽപ്പാത പൊളിക്കേണ്ടിവന്നു. അത് പൂർവസ്ഥിതിയിലാക്കാൻ 1.43 കോടിരൂപ ജല അതോറിറ്റിക്ക് അടയ്ക്കേണ്ടിയുംവന്നു.
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..