ചെന്നൈ : മഹാരാഷ്ട്രയുടെയും ആന്ധ്രാപ്രദേശിന്റെയും മാതൃകയിൽ പ്രത്യേക ഭീകരവിരുദ്ധ സേന രൂപവത്കരിക്കാൻ തമിഴ്നാട് സർക്കാർ നടപടി തുടങ്ങി. കോയമ്പത്തൂർ സ്ഫോടനത്തെത്തുടർന്നാണ് നടപടി ത്വരപ്പെടുത്തിയത്. ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുെനൽവേലി നഗരങ്ങൾ കേന്ദ്രീകരിച്ചാവും സേന പ്രവർത്തിക്കുക. തീവ്രവാദ സ്വഭാവമുള്ള ആക്രമണപദ്ധതികൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനുള്ള രഹസ്യാന്വേഷണ വിഭാഗം, ആക്രമണം നടന്നാൽ നടപടിയെടുക്കുന്നതിനുള്ള അന്വേഷണവിഭാഗം എന്നിവ അടങ്ങിയ സേനയ്ക്കാണ് രൂപം നൽകുന്നത്.
മഹാരാഷ്ട്രയിലെ ആന്റി ടെറർ സ്ക്വാഡും (എ.ടി.എസ്.) ആന്ധ്രാപ്രദേശിലെ ഓർഗനൈസേഷൻ ഫോർ കൗണ്ടർ ടെററിസ്റ്റ് ഓപ്പറേഷൻസും (ഒക്ടോപ്പസ്) ആയിരിക്കും സേനയുടെ മാതൃക. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി ഡി.ജി.പി. ശൈലേന്ദ്ര ബാബു രണ്ട് സംസ്ഥാനങ്ങളും സന്ദർശിച്ച് വിവരം ശേഖരിച്ചിരുന്നു.
പ്രത്യേക ഭീകരവിരുദ്ധസേന ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ സർക്കാർ. പ്രത്യേക സേന വേണമെന്ന ആവശ്യമുന്നയിച്ച് ഒക്ടോബറിൽ മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി വന്നപ്പോൾ ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജമാണെന്ന മറുപടിയാണ് സർക്കാർ നൽകിയത്.
എന്നാൽ, കോയമ്പത്തൂർ സ്ഫോടനത്തിനുപിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന വിവരം വെളിപ്പെടുകയും അന്വേഷണം എൻ.ഐ.എ. ഏറ്റെടുക്കുകയും ചെയ്തതോടെ തീരുമാനം മാറ്റേണ്ടിവന്നു.
തീവ്രവാദ പദ്ധതി മുൻകൂട്ടി അറിയുന്നതിൽ രഹസ്യാന്വേഷണവിഭാഗം പരാജയപ്പെട്ടെന്ന വിമർശനംകൂടി കണക്കിലെടുത്താണ് നിലപാട് മാറ്റം.
സേനയിലേക്ക് 18-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നിയമിക്കും. സേനയുടെ തലപ്പത്തേക്കും നേരിട്ടുള്ള നിയമനം നടത്തും. കരസേനയും കേന്ദ്ര ഏജൻസികളും പരിശീലനം നൽകും. കേന്ദ്ര ഏജൻസികളുമായും മറ്റു സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളുമായും സഹകരിച്ചാകും പ്രവർത്തനം.
സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി.ക്കുകീഴിലുള്ള രഹസ്യാന്വേഷണ വിഭാഗവും പോലീസിന്റെ ക്യു ബ്രാഞ്ചുമാണ് ഇപ്പോൾ തമിഴ്നാട്ടിൽ തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങൾ കൈകാര്യം ചെയ്യുന്നത്.
രഹസ്യാന്വേഷണ വിവരശേഖരണമല്ലാതെ കേസന്വേഷണം സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ വരുന്നില്ല. മാവോവാദികളെ നേരിടുന്നതിനാണ് സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി.യുടെതന്നെ പ്രത്യേക വിഭാഗമായി ക്യൂ ബ്രാഞ്ച് രൂപവത്കരിച്ചത്. ശ്രീലങ്കയുമായി ബന്ധപ്പെട്ട തീവ്രവാദപ്രശ്നങ്ങളാണ് ഇപ്പോൾ ഇവർ കൈകാര്യം ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..