കലിയടങ്ങാതെ കാട്ടാനകൾ; പരിഹരിക്കാനാകാതെ അധികൃതർ


ഷോളയൂരിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന റോഡരികിൽ നിലയുറപ്പിച്ചിരിക്കുന്നു.

അഗളി : അട്ടപ്പാടിയിൽ കാട്ടാനകൾ ജനവാസമേഖലയിലിറങ്ങി മനുഷ്യ ജീവനെടുക്കുമ്പോഴും പരിഹാരംകാണാനാവാതെ അധികൃതർ. ഈവർഷം കാട്ടാനയുടെ അടിയേറ്റ് ആദ്യത്തെ മരണമുണ്ടായത് വിദൂര ഊരായ കിണറ്റുകരയിലാണ്. തേൻ ശേഖരിക്കാൻപോയി വരികയായിരുന്ന 15-കാരനെയാണ് കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചത്. അടിയേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നവഴിയാണ് മരിച്ചത്. പിന്നീട് പ്രായമായ ഒരാളും ഒരു യുവതിയും രണ്ട് യുവാക്കളും കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ശനിയാഴ്ച പുലർച്ചെ ഷോളയൂർ ഊത്തുക്കുഴി ഊരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ലക്ഷ്മണൻ (41) മരിച്ചതാണ് അവസാനത്തെ സംഭവം.

കാട്ടാനകളുടെ ആക്രമണത്തെത്തുടർന്ന് ജനങ്ങൾ പ്രതിഷേധിക്കുമ്പോൾമാത്രം വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ അട്ടപ്പാടിയിലെത്തും. പരിഹാരം കാണാമെന്ന് പ്രതിഷേധം തണുപ്പിക്കാനായി പറയുന്നതല്ലാതെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

നഷ്ടപരിഹാരവും വൈകുന്നു

അട്ടപ്പാടിയിൽ വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് രണ്ടുകോടി രൂപയോളമാണ് കൊടുക്കാനുള്ളത്. 2020-ൽ ജൂലായ്‌വരെയുള്ളവരുടെ മാത്രമാണ് 10 ലക്ഷംരൂപ മുഴുവനായും ചിലർക്ക് ഭാഗികമായും കൊടുത്തിട്ടുള്ളത്. 2021 സെപ്‌റ്റംബർ വരെയുള്ളവരുടെ അഞ്ചുലക്ഷംരൂപ മാത്രമാണ് വനംവകുപ്പ് നൽകിയിട്ടുള്ളത്. ഈവർഷം കാട്ടാന കൊലപ്പെടുത്തിയ യുവതി ഒഴികെയുള്ള കുടുംബങ്ങൾക്ക് 10,000 രൂപയാണ് കൊടുത്തിട്ടുള്ളത്.

അട്ടപ്പാടിയിൽ പ്രശ്നക്കാരായ അഞ്ച് കൊമ്പൻമാർ ഉള്ളതായാണ് വനംവകുപ്പ് ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജനവാസമേഖലയിലെത്തുന്ന കൊമ്പൻമാരെ കാടുകയറ്റാനായി മൂന്ന് ദ്രുതപ്രതികരണ സംഘങ്ങളുണ്ട്. ഇതിൽ അഗളി പഞ്ചായത്തിലെ ദ്രുതപ്രതികരണ സംഘത്തിന് മാത്രമാണ് സ്വന്തമായി വാഹനമുളളത്. ഷോളയൂരും പുതൂരിലും സംഘത്തിന് വാഹനവുമില്ല.

റബ്ബർ ബുള്ളറ്റ് ഉപയോഗിക്കണമെങ്കിൽ ദ്രുതപ്രതികരണ സംഘത്തിൽ പോലീസുകാർ ആവശ്യമാണ്. ഇവരും സംഘത്തിലില്ല. കാട്ടാനകൾ ജനവാസമേഖലയിലെത്തുന്നത് തടയണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഈ കാര്യങ്ങളോട് പ്രതികരണം തേടിയെങ്കിലും മണ്ണാർക്കാട് ഡി.എഫ്.ഒ. എം.കെ. സുർജിത്ത് പ്രതികരിക്കാൻ തയ്യറായില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..