തമിഴ്‌നാട്ടിൽ 11 വ്യവസായ പാർക്കുകൾ വരുന്നു


രണ്ടുലക്ഷം പേർക്ക് ജോലിലഭിക്കും

Caption

ചെന്നൈ : തമിഴ്‌നാട്ടിൽ 11 വ്യവസായ പാർക്കുകൾകൂടി തുടങ്ങാൻ സംസ്ഥാന വ്യവസായ വികസനകോർപ്പറേഷൻ (സിപ്‌കോട്) നടപടി തുടങ്ങി. ഇതുവഴി രണ്ടുലക്ഷത്തിലേറെപ്പേർക്ക് പുതുതായി ജോലിലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

രാമനാഥപുരം, തൂത്തുക്കുടി, ശിവഗംഗ, കാഞ്ചീപുരം, നാഗപട്ടണം, തേനി, കൃഷ്ണഗിരി, തിരുച്ചിറപ്പള്ളി ജില്ലകളിലാണ് പുതിയ വ്യവസായ പാർക്കുകൾ വരികയെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും പ്രൊഫഷണൽ സർവീസ് ശൃംഖലയായ കെ.പി.എം.ജി. യും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഐ.ടി., ഐ.ടി. അനുബന്ധ മേഖലകൾക്കുപുറമേ ഓട്ടോമൊബൈൽ, കെമിക്കൽ എൻജിനിയറിങ് തുടങ്ങി വ്യത്യസ്തവ്യവസായങ്ങളാണ് ഓരോ പാർക്കിലുമുണ്ടാവുക.

13,500 ഏക്കർ ഭൂമിയിലാണ് ഓരോപാർക്കും ഉയരുക. നിലവിൽ തമിഴ്‌നാട്ടിൽ 21 വ്യവസായസമുച്ചയങ്ങളും ഏഴ് പ്രത്യേക സാമ്പത്തിക മേഖലകളുമുണ്ട്. 12 ജില്ലകളിലായാണ് ഇവ വ്യാപിച്ചുകിടക്കുന്നത്. ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ അശോക് ലെയ്‌ലാൻഡ്, ഹ്യൂണ്ടായ് മോട്ടോഴ്‌സ്, ബി.എം.ഡബ്ല്യു, റെനോ നിസ്സാൻ തുടുങ്ങിയ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ തമിഴ്‌നാടിന് കഴിഞ്ഞിട്ടുണ്ട്.

ആമസോൺ, സൂം ഇൻഫോ, കാപിറ്റസ്, നീൽസൺ ഐ.ക്യു തുടങ്ങിയ സ്ഥാപനങ്ങൾ ഈ വർഷം ചെന്നൈയിൽ പുതിയ ഐ.ടി. അനുബന്ധകേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഐ.ടി., ഐ.ടി. അനുബന്ധ വ്യവസായങ്ങൾക്കായി 1997-ൽ തന്നെ നയം രൂപവത്കരിച്ച സംസ്ഥാനമാണിത്. ഐ.ടി. മേഖലയിൽ ഗ്ലോബൽ കേപബിലിറ്റി സെന്ററുകൾ (ജി.സി.സി.) സ്ഥാപിക്കാൻതമിഴ്‌നാട് നടപടി തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.

ഭീമൻ ബഹുരാഷ്ട്ര സംരംഭങ്ങളുടെ ജോലികൾ ഏറ്റെടുത്തുനടത്താൻ ഇത്തരംകേന്ദ്രങ്ങൾക്കു കഴിയും. ഒന്നോ രണ്ടോ മാസങ്ങൾക്കകം സംസ്ഥാനത്ത് ഗ്ലോബൽ കേപബിലിറ്റി സെന്ററുകൾ നിലവിൽവരുമെന്ന് തമിഴ്‌നാട് വിവരസാങ്കേതിക വകുപ്പുമന്ത്രി ടി. മനോ തങ്കരാജ് പറഞ്ഞു.

ഇതിനുവേണ്ട നയപരിപാടി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഐ.ടി. രംഗത്തെ ആഗോള സാഹചര്യവും സാധ്യതകളും മനസ്സിലാക്കിയാണ് ജി.സി.സി. കൾക്ക്‌ രൂപംനൽകുകയെന്ന് മന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..