ചെന്നൈ : ചെന്നൈയിൽ ലൈറ്റ് മെട്രോ റെയിൽ സർവീസ് നടപ്പാക്കാൻ ചെന്നൈ യൂണിഫൈഡ് മെട്രോപോളിറ്റിൻ ട്രാൻസ്പോർട്ട് അതോറിറ്റി (സി.യു.എം.ടി.എ.) പദ്ധതി തയാറാക്കുന്നു. ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്.
മെട്രോ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചാണ് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നത്. മെട്രോ റെയിൽവേ സ്റ്റേഷന്റെ പരിസരങ്ങളിൽനിന്നുള്ളവർക്ക് സ്റ്റേഷനിലെത്താനായാണ് ലൈറ്റ് മെട്രോ ഗതാഗതസംവിധാനം പ്രധാനമായും നടപ്പാക്കുന്നത്. റോഡുകളുടെ വശങ്ങളിലായി ഒരുമീറ്റർ വീതിയിൽ ട്രാക്കുകൾ നിർമിച്ച് ലൈറ്റ് മെട്രോ തീവണ്ടികൾ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്.
വേഗത്തിൽ മെട്രോ സ്റ്റേഷനുകളിലേക്കെത്താൻ കഴിയുന്ന തരത്തിലുള്ള ഗതാഗതസംവിധാനമാണ് ആലോചിക്കുന്നതെന്ന് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ പറയുന്നു. നിലവിൽ യാത്രക്കാർക്ക് മെട്രോ സ്റ്റേഷനുകളിൽ വാഹനങ്ങൾ നിർത്തിയിടാൻ വാടക നൽകണം. ഇതൊഴിവാക്കാൻകൂടി ലൈറ്റ് മെട്രോ സർവീസ് സഹായകമാകും. 2048-ഓടെ ചെന്നൈയിലെ റോഡുകൾക്ക് ഇരുപുറമായി 2000 കിലോമീറ്റർ നീളത്തിൽ ലൈറ്റ് മെട്രോ നിർമിക്കുകയാണ് ലക്ഷ്യം.
ലൈറ്റ് മെട്രോ തീവണ്ടിക്ക് രണ്ടോ മൂന്നോ കന്പാർട്ട്‌മെന്റ് മാത്രമേ ഉണ്ടാകൂ. ഒരു മീറ്ററോളമായിരിക്കും തീവണ്ടിയുടെ വീതി. പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് സഞ്ചരിക്കുന്നവർക്ക് ലൈറ്റ് മെട്രോ യാത്ര സംവിധാനം ഏറെ ഉപകാരപ്രദമായിരിക്കുമെന്നും അധികൃതർ പറഞ്ഞു. ലോകത്തെ തിരക്കേറിയ നഗരങ്ങളിൽ ചെറുതീവണ്ടികൾപോലെ സഞ്ചരിക്കുന്ന ട്രാമിന് സമാനമായാണ് ചെന്നൈയിൽ ലൈറ്റ് മെട്രോയും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..