ഒറ്റപ്പാലം നഗരസഭയുടെ 2023-24വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ കെ. രാജേഷ് അവതരിപ്പിക്കുന്നു
ഒറ്റപ്പാലം : ശുദ്ധവായുവും ശുദ്ധജലവും ഉറപ്പാക്കുന്ന കാർബൺസന്തുലിത ഒറ്റപ്പാലം പദ്ധതിക്കും ആരോഗ്യമേഖലയ്‌ക്കും പ്രാധാന്യംനൽകി നഗരസഭയുടെ 2023-24വർഷത്തെ ബജറ്റ്. പദ്ധതിക്കുവേണ്ടി 25 ലക്ഷം രൂപയും ആരോഗ്യമേഖലയ്‌ക്ക് 4.90 കോടിരൂപയും വകയിരുത്തി. കാർഷികമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് 12 കോടി രൂപയും പി.എം.എ.വൈ,ലൈഫ് പദ്ധതികൾ നടപ്പാക്കാൻ 14.76 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
ആധുനിക നഗരസഭാ ഓഫീസ് സമുച്ചയം പദ്ധതിയും ബജറ്റിലുണ്ട്. ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് നഗരസഭാ ഓഫീസ് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കണ്ണിയംപുറം, പാലപ്പുറം ഭാഗങ്ങളിൽനിന്ന് ഓഫീസിലേക്കുവരുന്ന പൊതുജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമാകും. ആധുനിക ഓഫീസ് സമുച്ചയത്തിന് ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥലംകണ്ടെത്താൻ രണ്ടുകോടി രൂപയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒറ്റപ്പാലംപട്ടണം സൗന്ദര്യവത്കരണത്തിനും നടപ്പാലം നിർമിക്കുന്നതിനും പത്തുലക്ഷം രൂപ ബജറ്റിൽ ഉൾകൊള്ളിച്ചു. ‘മാലിന്യമുക്ത ഒറ്റപ്പാലം’ സൃഷ്ടിക്കുന്നതിന് പൊതുശുചിത്വ മാലിന്യപരിപാലന സംവിധാനങ്ങൾ മെച്ചപ്പെടുത്തും. ഇതിനുവേണ്ടി 1.20 കോടി രൂപ വകയിരുത്തി.
പട്ടണത്തിലെ ഇടറോഡുകൾ വീതികൂട്ടുന്നതിന് 2.58 കോടി രൂപയും മാറ്റി വെച്ചിട്ടുണ്ട്. സാംസ്കാരികനിലയം, പൊതുപാർക്ക്, ബസ് സ്റ്റാൻഡിന് മുൻവശത്തെ പഴയ കെട്ടിടം പൊളിച്ചുനീക്കൽ തുടങ്ങി ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവക്കെല്ലാം ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. കാലങ്ങളായുള്ള ഒറ്റപ്പാലത്തിന്റെ ആവശ്യമായ അറവുശാലയ്‌ക്ക് 25 ലക്ഷംരൂപ, നെല്ലുഗോഡൗണിന് പത്തുലക്ഷം രൂപ, ഫയർസ്റ്റേഷന് സ്ഥലംകണ്ടെത്തൽ അഞ്ചുലക്ഷം രൂപ, നീന്തൽക്കുളം, കളിസ്ഥലം, സൈക്കിളിങ് എന്നിവയ്‌ക്ക് പത്തുലക്ഷം തുടങ്ങിയ പുതിയ പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 100.14 കോടിരൂപ വരവും 91.28 കോടിരൂപ ചെലവും വരുന്ന ബജറ്റാണ് വൈസ് ചെയർമാൻ കെ. രാജേഷ് അവതരിപ്പിച്ചത്.
പൊതുചർച്ചയും നടന്നു. വിദ്യാഭ്യാസമേഖലയ്ക്ക് 50ലക്ഷം രൂപയും കായികമേഖലയുടെ പുരോഗതിക്ക് 1.53 കോടി രൂപയും മാറ്റിവച്ചു. ദാരിദ്ര്യ ലഘൂകരണത്തിന് 61.40 ലക്ഷം രൂപയും ശുചിത്വ മാലിന്യ സംസ്കരണത്തിന് 2.50 കോടിരൂപയും വകയിരുത്തി.
കണ്ണിയംപുറം-പനമണ്ണ തോട്ടുപാലത്തിനും വൃദ്ധസദനത്തിനും 50 ലക്ഷം രൂപ വീതം മാറ്റിവച്ചു അഞ്ചുലക്ഷം രൂപ ചെലവിൽ പൊതുവിടങ്ങളിൽ സി.സി.ടി.വി. സ്ഥാപിക്കും. നഗരസഭാ ഓഫീസിൽ അഞ്ചുലക്ഷം രൂപ ചെലവിൽ സോളാർ പാനലും സ്ഥാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..