അനധികൃതമായി എത്തിച്ച ഒരു ലോറി പടക്കം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ


1 min read
Read later
Print
Share

പിടികൂടിയത് ലൈസൻസില്ലാതെ കച്ചവടം ചെയ്യുന്നവർക്കുള്ള പടക്കം

അനധികൃതമായി വില്പനയ്ക്കെത്തിച്ച പടക്കങ്ങൾ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

പാലക്കാട്/പിരായിരി : തമിഴ്നാട്ടിലെ ശിവകാശിയിൽനിന്ന് വിഷുവിപണി ലക്ഷ്യമിട്ട് ജില്ലയിലേക്ക് അനധികൃതമായി വിൽപ്പനക്കെത്തിച്ച ഒരു കണ്ടെയ്നർ ലോറി പടക്കം പിടികൂടി. പാലക്കാട് മണലിയിൽ പടക്കം കച്ചവടത്തിനായി ഇറക്കുന്നതിനിടെയാണ് വാഹനം നോർത്ത് പോലീസ് പിടികൂടിയത്.

സംഭവത്തിൽ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ്‌ ചെയ്തു. ഡ്രൈവർ തമിഴ്നാട് വിരുദനഗർ രാജപാളയം പെരുമാൾ കോവിൽ സ്ട്രീറ്റിൽ മരുതപാണ്ടി (34), ശിവകാശി നെഹ്റു കോളനി ജോൺ പീറ്റർ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. പാലക്കാട്ടെ വിവിധ വഴിയോരക്കച്ചവടക്കാർക്ക് നേരിട്ടും ഏജന്റുമാർ മുഖേനയും പടക്കമെത്തിക്കുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

വാഹനത്തിലെത്തിച്ച പടക്കത്തിന് ജി.എസ്.ടി. ബിൽ ഉൾപ്പെടെയുള്ള രേഖകളുണ്ട്. എന്നാൽ, സ്ഫോടകവസ്തുക്കൾ കൊണ്ടുവരുന്ന വാഹനങ്ങൾക്കുള്ള ലൈസൻസ് ലോറിക്കില്ലെന്ന് പോലീസ് കണ്ടെത്തി. മതിയായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടില്ല. പടക്കങ്ങൾക്കുപുറമേ, പൂത്തിരി, കമ്പിത്തിരി, മത്താപ്പ് തുടങ്ങിയ വിവിധ ഉത്പന്നങ്ങളും പെട്ടികളിലാക്കിയാണ് ലോറിയിൽ കൊണ്ടുവന്നത്.

അനധികൃതമായി കച്ചവടം ചെയ്യുന്നവർക്കാണ് ഇവർ പടക്കം കൈമാറുന്നത്. 25-ലധികം വരുന്ന വ്യാപാരികൾക്കായാണ് പടക്കം കൊണ്ടുവന്നത്. നാലു സ്ഥലങ്ങളിൽ പടക്കം ഇറക്കിയശേഷമാണ് വാഹനം പിടികൂടിയത്. പടക്കം കൈമാറുന്നവർക്ക് കച്ചവടത്തിനാവശ്യമായ ലൈസൻസില്ലെന്ന് കണ്ടെത്തി. പടക്കം വാങ്ങിയ കച്ചവടക്കാർക്കെതിരേയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇവർക്കെതിരേ അന്വേഷണം ആരംഭിച്ചു.

പിടികൂടിയ കണ്ടെയ്നർ ലോറി വ്യാഴാഴ്ച ബോംബ് സ്ക്വാഡ് പരിശോധിക്കും. തുടർന്ന് പടക്കങ്ങൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ സുജിത്ത്, എസ്.ഐ.മാരായ സുനിൽ, നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലോറി പിടികൂടിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..