കോയമ്പത്തൂർ
: ആളിയാർഡാമിൽ കൂടുതൽ വെള്ളംസംഭരിക്കാൻ ആവശ്യപ്പെട്ട് കേരളത്തിന്റെ അന്തർസംസ്ഥാന നദീജലവിഭാഗം ചീഫ് എൻജിനിയർ തമിഴ്‌നാടിന് കത്തുനൽകി. ഏപ്രിൽ, മേയ് മാസങ്ങളിലെ കുടിവെള്ളവിതരണം, ആർ.ബി.സി. കനാലിലേക്കുള്ള ജലവിതരണം എന്നിവ മുന്നിൽക്കണ്ടാണ് നടപടി.
3,800 ദശലക്ഷം ഘനയടി സംഭരണശേഷിയുള്ള ആളിയാർഡാമിൽ നിലവിൽ 594 ദശലക്ഷം ഘനയടി വെള്ളമാണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. തുലാമഴയും വേനൽമഴയും കിട്ടാതെവന്നതാണ് ജലനിരപ്പ് ഇത്രയും കുറയാൻ കാരണമെന്ന് പറയുന്നു.
കരാർപ്രകാരം ഇപ്പോൾ ചിറ്റൂർപ്പുഴയിലേക്ക് ദിവസവും സെക്കൻഡിൽ 185 ഘനയടി വെള്ളമാണ് കിട്ടുന്നത്. ഇത് ആർ.ബി.സി. കനാലിലേക്കാണ് നൽകുന്നത്.
ചിറ്റൂർപ്പുഴ പരിധിയിൽ നെൽക്കൃഷിയുടെ വിളവെടുപ്പ് സമയമായതിനാൽ ജലസേചന ആവശ്യം അവസാനിച്ചതായി ജലവിഭവവകുപ്പ് അധികൃതർ പറയുന്നു. ഇനി ആർ.ബി.സി. കനാലിലേക്കും ഏപ്രിൽ, മേയ് മാസങ്ങളിലേക്കുള്ള കുടിവെള്ള ആവശ്യത്തിനുമാണ് വെള്ളം വേണ്ടത്.
കുടിവെള്ളത്തിനുമാത്രം ദിവസം സെക്കൻഡിൽ 100 ഘനയടിവീതം വെള്ളം വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആളിയാർ ഡാമിൽ കുടിവെള്ളത്തിന് നൽകാനുള്ള വെള്ളമില്ല. അപ്പർ ആളിയാറിൽ നിന്നോ പറമ്പിക്കുളം ഡാമിൽനിന്നോ ആളിയാർഡാമിൽ കൂടുതൽ വെള്ളം എത്തിക്കേണ്ടിവരും. ഈ ആവശ്യം ഉന്നയിച്ചാണ് കേരളം കത്തുനൽകിയിരിക്കുന്നത്.
പറമ്പിക്കുളം-ആളിയാർ സംയുക്ത ജലക്രമീകരണ ബോർഡിന്റെ ആദ്യയോഗം അലസിപ്പിരിഞ്ഞതിനാൽ ജലവിതരണം സംബന്ധിച്ച് കൃത്യമായ കലണ്ടർ തയ്യാറാക്കാൻ സാധിച്ചിട്ടില്ല. ബോർഡിന്റെ യോഗം അടുത്തുതന്നെ നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും സമയം തീരുമാനിച്ചിട്ടില്ല.
അതിനിടെ പറമ്പിക്കുളംഡാമിലും ജലനിരപ്പ് ഗണ്യമായി കുറയുന്നതായി അധികൃതർ പറയുന്നു. 17.8 ടി.എം.സി. സംഭരണശേഷിയുള്ള ഡാമിൽ 7.7 ടി.എം.സി. വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആറുവർഷത്തിനിടെ ഏറ്റവുംകുറഞ്ഞ ജലനിരപ്പാണിത്.
ഇവിടെനിന്നും തമിഴ്‌നാട് ഇപ്പോഴും വൈദ്യുതി ഉത്പാദനത്തിന് വെള്ളമെടുക്കുന്നുണ്ട്. ഷട്ടർ തകർന്ന് ആറു ടി.എം.സി.യോളം വെള്ളം പാഴായിപ്പോയതുമൂലമാണ് ജലനിരപ്പ് ഇത്രയധികം താഴ്‌ന്നതെന്ന് അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..