പെൻഷൻ ഫണ്ട് സജ്ജമായില്ല; കെ.എസ്.ഇ.ബി. പെൻഷനിൽ ആശങ്ക


2 min read
Read later
Print
Share

Caption

തിരുവനന്തപുരം

: വൈദ്യുതിബോർഡിൽനിന്ന് വിരമിക്കുന്നവരുടെ പെൻഷൻ ബാധ്യതകൾ നിറവേറ്റുന്നതിന് രൂപവത്കരിച്ച പെൻഷൻ ഫണ്ട് ട്രസ്റ്റ് എട്ടുവർഷം കഴിഞ്ഞിട്ടും പ്രവർത്തന സജ്ജമായില്ല. ട്രസ്റ്റിന് പണം കണ്ടെത്തുന്നതിന് തൃകക്ഷി കരാറിൽ കൃത്യമായ വ്യവസ്ഥകൾ ഉണ്ടായിട്ടും ഇതിലേക്ക് പണം നീക്കിവെക്കാൻ വൈദ്യുതി ബോർഡ് ജാഗ്രത പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

പെൻഷൻ ഫണ്ട് രൂപവത്കരിക്കാൻ വൈദ്യുതി ബോർഡിന് സർക്കാർ നൽകിയ 10 വർഷത്തെ ഡ്യൂട്ടി ഇളവ് ഒക്ടോബർ 31-ഓടെ അവസാനിക്കുകയാണ്. അതിനുശേഷം ഉപഭോക്താക്കളിൽ ഡ്യൂട്ടി ഇനത്തിൽ പിരിക്കുന്ന തുക സർക്കാരിലേക്ക് അടയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബോർഡിന്റെ റവന്യൂ വരുമാനത്തിൽനിന്ന് മാസാമാസം ട്രസ്റ്റിലേക്ക് മാറ്റുന്ന തുകയിൽ നിന്നുള്ള പെൻഷൻ വിതരണം നിലവിൽ തടസ്സപ്പെട്ടിട്ടില്ലെങ്കിലും ഫണ്ട് യാഥാർഥ്യമാവാത്തത് പെൻഷൻകാരിൽ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നാല്പതിനായിരത്തോളംപേർക്കാണ് നിലവിൽ ബോർഡ് പെൻഷൻ നൽകുന്നത്. ഏതാണ്ട് 240 കോടി രൂപയാണ് പ്രതിമാസം ഇതിനായി നീക്കിവെക്ക്ുന്നത്.

നിലവിൽ ബാധ്യത 35,824 കോടി

2013-ൽ വൈദ്യതി ബോർഡ് കമ്പനിവത്കരണത്തെത്തുടർന്നാണ് ട്രേഡ് യൂണിയൻ പ്രതിനിധികളും ബോർഡും സർക്കാരും ചേർന്ന് തൃകക്ഷി കരാറിന് രൂപം നൽകിയത്. വിരമിക്കുന്നവരുടെ പെൻഷൻ -ഗ്രാറ്റ്വിറ്റി ബാധ്യതകൾ നിറവേറ്റുന്നതിനായി കെ.എസ്.ഇ.ബി. ലിമിറ്റഡ് എംപ്ലോയീസ് മാസ്റ്റർ പെൻഷൻ ആൻഡ് ഗ്രാറ്റ്വിറ്റി ട്രസ്റ്റ് രൂവത്കരിക്കണമെന്നത് ഈ കരാറിലെ പ്രധാന വ്യവസ്ഥയാണ്.

അന്നത്തെ വിലയിരുത്തൽ പ്രകാരം 7584 കോടി രൂപയാണ് ഫണ്ടിന്റെ ബാധ്യതയായി നിശ്ചയിച്ചിരുന്നത്. ബാധ്യതയുടെ 35 ശതമാനം സർക്കാരും 65 ശതമാനം വൈദ്യുതി ബോർഡും ഏറ്റെടുക്കുന്ന വിധത്തിലാണ് വ്യവസ്ഥകൾ ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തുവർഷത്തേക്ക് ഡ്യൂട്ടി ഇനത്തിൽ പിരിക്കുന്ന തുക സർക്കാർ ഇളവുനൽകിയത്.

എന്നാൽ, ഈ തുക പെൻഷൻ ഫണ്ടിലേക്ക് വന്നില്ലെന്നു മാത്രമല്ല, ബോർഡിന്റെ വിഹിതം കണ്ടെത്തുന്നതിനായി പുറപ്പെടുവിച്ച രണ്ടു കടപ്പത്രം വഴിയുള്ള പണവും ഇതിലേക്ക് വന്നില്ല. 7060 കോടി രൂപയുടെ കടപ്പത്രങ്ങളാണ് പെൻഷൻ ഫണ്ടിനായി ബോർഡ് പുറപ്പെടുവിച്ചത്.

പക്ഷേ, പലിശയായോ കാലാവധി കഴിഞ്ഞുള്ള തിരിച്ചടവായോ ഫണ്ടിലേക്ക് ഒന്നും വന്നില്ല. 2022 മാർച്ച് 31 വെച്ചുള്ള കണക്കുപ്രകാരം പെൻഷൻ ഫണ്ടിന്റെ ബാധ്യത 35,824 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..