വാഹനവുമായി കടന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ


1 min read
Read later
Print
Share

Caption

വാളയാർ : കുഴൽപ്പണ കടത്തുസംഘമെന്ന്‌ തെറ്റിദ്ധരിച്ച്, വാളയാർ-മണ്ണുത്തി ദേശീയപാതയിൽ കഞ്ചിക്കോട്ടുവെച്ച് യാത്രക്കാരെ ആക്രമിച്ച്‌ മിനിലോറിയുമായി കടന്ന കേസിൽ കുഴൽപ്പണം തട്ടിയെടുക്കുന്ന സംഘത്തിലെ ഏഴുപേർകൂടി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശികളായ ആമ്പല്ലൂർ ചിറയത്ത് വീട്ടിൽ സഞ്ജു സേവിയർ (34), അഞ്ചേരി കുരിയച്ചിറ തളിയത്തുവീട്ടിൽ ജിമ്മി ജോയ് (31), ചിയ്യാരം ഒല്ലൂർക്കാവ് മുതിരകല്ലേൽ പറമ്പിൽ കെ. നിജിലാഷ് (34), കൊടകര മറ്റത്തൂർ കവനാട് മുപ്ളിയൻവീട്ടിൽ സുരേഷ് (52), പേരാമ്പ്ര പൂത്തുകാവ് പടത്തുപറമ്പിൽ ശ്രീകുമാർ (41), കൊടകര മനക്കുളങ്ങര കൊപ്രക്കളം അമ്പാടത്തുവീട്ടിൽ അമൽരാജ് (അമൽ-36), ആലത്തൂർ എരിമയൂർ തോട്ടുപാലം മേത്തൊടിവീട്ടിൽ സജിത്കുമാർ (സജിത്-42) എന്നിവരെയാണ്‌ തൃശ്ശൂരിൽനിന്ന്‌ വാളയാർപോലീസ് അറസ്റ്റുചെയ്തത്.

ഇതോടെ കേസിൽ ആകെ പിടിയിലാവരുടെ എണ്ണം 14 ആയി. ആദ്യം പിടിയിലായ തൃശ്ശൂർ എറവക്കാട് ശ്രീജിത്തിന്റെ നിർദേശപ്രകാരമാണ് ഇവർ കഞ്ചിക്കോട്ടെ ആക്രമണത്തിലും കവർച്ചയിലും പങ്കാളികളായത്. നേരത്തേ റിമാൻഡിലായ പ്രതികളിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്തിരുന്നു. ഇവരിൽനിന്നാണ് കവർച്ചസംഘത്തിലെ മറ്റുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

മുൻപ്‌ ദേശീയപാത കേന്ദ്രീകരിച്ചുനടന്ന കവർച്ചക്കേസുകളിലും ഇവർക്ക്‌ പങ്കുണ്ടെന്ന്‌ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എടത്വ കള്ളനോട്ടുകേസുമായി പ്രതികൾക്ക്‌ ബന്ധമില്ലെന്ന്‌ പോലീസ് പറയുന്നു.

നേരത്തേ അറസ്റ്റിലായവരിൽ അഞ്ചുപേർക്ക് ആലപ്പുഴയിൽ കൃഷി ഓഫിസർ പ്രതിയായ കള്ളനോട്ടുകേസുമായി നേരിട്ട്‌ ബന്ധമുണ്ടെന്ന്‌ പോലീസ് സ്ഥിരീകരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ എട്ടിനുപുലർച്ചെ നാലരയോടെയാണ് കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനുസമീപം മിനിലോറിതടഞ്ഞ് യാത്രക്കാരെ ക്രൂരമായി മർദിച്ചശേഷം മിനിലോറിയുമായി കടന്നുകളഞ്ഞത്. ബെംഗളൂരുവിൽനിന്ന് കുന്നംകുളത്തേക്ക്‌ ഫർണീച്ചർ ലോഡുമായി പോയ തൃശ്ശൂർ വരന്തരപ്പിള്ളി സ്വദേശികളായ ഹാഷിഫ് (34), നൗഷാദ് (46) എന്നിവർക്കുനേരെയാണ് ആക്രമണമുണ്ടായത്.

വാളയാർ ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ. എച്ച്. ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..