പട്ടാമ്പിയിൽ ശുചീകരണപ്ലാന്റായില്ല : ഭാരതപ്പുഴയിലേക്ക് മലിനജലമൊഴുക്ക് തുടരുന്നു


1 min read
Read later
Print
Share

പട്ടാമ്പി പട്ടണത്തിൽനിന്ന് ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുകിയെത്തുന്ന മാലിന്യക്കുഴൽ (ഫയൽചിത്രം)

പട്ടാമ്പി : പട്ടണത്തിൽനിന്ന് ഭാരതപ്പുഴയിലേക്ക് മലിനജലമൊഴുക്കുന്നത് തടയാനുള്ള ശുചീകരണപ്ലാന്റ് പദ്ധതി വൈകുന്നു. പട്ടണത്തിലെ അഴുക്കുചാലുകളിൽനിന്നുള്ള മലിനജലം ശുദ്ധീകരിച്ചശേഷം പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്ലാന്റുകൾ മൂന്നിടങ്ങളിൽ സ്ഥാപിക്കുമെന്നായിരുന്നു 2022-ലെ ബജറ്റ് പ്രഖ്യാപനം. മാലിന്യനിർമാർജന പദ്ധതികൾക്കായി 4.12 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരുന്നത്. നഗരസഭ ശുചിത്വമിഷന് പദ്ധതി സമർപ്പിക്കുകയും ചെയ്തു.

നിലവിൽ പട്ടാമ്പിയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഴുക്കുചാലുകൾ ഭാരതപ്പുഴയിലേക്ക് തുറന്നുവെച്ചിരിക്കുകയാണ്. പട്ടാമ്പി പഴയകടവ് ഭാഗത്തെ അഴുക്കുചാലിൽനിന്ന് വലിയ അളവിൽ മലിനജലം പുഴയിൽ ചേരുന്നുണ്ട്.

പട്ടാമ്പി പഴയകടവ്, മത്സ്യച്ചന്ത, ബസ് സ്റ്റാൻഡിനുസമീപം എന്നിവിടങ്ങളിൽ പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. 2019-ൽ ‘ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ’ 2019-ൽ നടത്തിയ പരിശോധനയിൽ മൈക്രോപ്ലാസ്റ്റിക്‌സ് അംശങ്ങൾ പുഴവെള്ളത്തിൽ ഉള്ളതായി കണ്ടെത്തിയിരുന്നു. കോളിഫോം ബാക്ടീരിയയുടെ അളവും കൂടിയിരുന്നു. ഭാരതപ്പുഴയോരത്തെ നഗരസഭകളിലെ മാലിന്യസംസ്കരണ പദ്ധതികൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് പ്രധാനകാരണം.

മലിനജലം നേരിട്ട് ഒരുതരത്തിലുള്ള ശുദ്ധീകരണവുമില്ലാതെ പുഴയിലേക്ക് ഒഴുക്കുകയാണ്. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിലെ ജലനിരപ്പ് പട്ടാമ്പി പഴയകടവുവരെ പരന്നുകിടക്കുന്നുണ്ട്. ജില്ലയിലെ പട്ടാമ്പി നഗരസഭ, ആറ് പഞ്ചായത്തുകൾ, തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രനഗരിയടക്കം മൂന്ന് നഗരസഭകൾ, ആറു പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കെല്ലാം കുടിവെള്ളമെത്തുന്നത് വെള്ളിയാങ്കല്ല് റെഗുലേറ്ററിൽനിന്നാണ്. ഇത്രയും വലിയ ജലസംഭരണിയായിട്ടും ജലശുചിത്വം വാക്കിൽ മാത്രമാണുള്ളത്.

പദ്ധതി ശുചിത്വമിഷൻ പരിഗണനയിൽ

അഴുക്കുചാലുകളിൽനിന്നുള്ള വെള്ളം ശുചീകരിച്ച് പുഴയിലേക്ക് ഒഴുക്കുന്നതിനായുള്ള ശുചീകരണപ്ലാന്റ് പദ്ധതി നിലവിൽ ശുചിത്വമിഷന് കീഴിലാണുള്ളതെന്ന് പട്ടാമ്പി നഗരസഭാധികൃതർ പറഞ്ഞു. ബസ് സ്റ്റാൻഡിനരികിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതിരേഖയായിട്ടുണ്ട്. മറ്റ് രണ്ടിടങ്ങളിലെയും നടപടികൾ പുരോഗമിക്കുകയാണ്. പ്ലാന്റുകൾ ഉടൻ നിലവിൽ വരുമെന്നും അവർ വ്യക്തമാക്കി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..