കേരള കർഷകസംഘം കളക്ടറേറ്റിനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് : ഒന്നാംവിള നെല്ലെടുപ്പിൽ സപ്ലൈകോ വരുത്തിയ കുടിശ്ശിക ഒരാഴ്ചയ്ക്കകം കർഷകർക്ക് നല്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഉറപ്പുനല്കിയതായി കർഷകസംഘം സംസ്ഥാനസെക്രട്ടറി വത്സൻ പനോളി. നെല്ലുസംഭരണത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം കളക്ടയേറ്റിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാംവിള സംഭരണനടപടികളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പോരായ്മകൾ പരിഹരിക്കാൻ സപ്ലൈകോ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വത്സൻ പനോളി ആവശ്യപ്പെട്ടു. നിലവിൽ സംഭരണം പൂർത്തിയായി മൂന്നുമാസം കഴിഞ്ഞേ കേന്ദ്രവിഹിതം ലഭിക്കുകയുള്ളൂ. സപ്ലൈകോ കണക്കുകൾ കൈമാറിയശേഷം സംസ്ഥാനവിഹിതം ലഭിക്കാൻ കുറഞ്ഞത് ഒരുമാസം കാത്തിരിക്കണം. കർഷകർക്ക് ഇത്രയുംനാൾ കാത്തിരിക്കാനാവില്ല.
ഇതിന് പരിഹാരമായി ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് സപ്ലൈകോ ഇപ്പോൾ തുക നല്കുന്നത്. ഈടായൊന്നും നല്കാനില്ലാത്തതിനാൽ, മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്തതോടെയാണ് കേരളബാങ്ക് വായ്പനല്കാൻ തയ്യാറായത്.
ഒപ്പിട്ടുനൽകുന്ന വായ്പാരേഖകളുടെപേരിൽ സംസ്ഥാനത്തെ ഒരു കർഷകനിൽനിന്നും തുകയോ പലിശയോ തിരിച്ചുപിടിക്കില്ലെന്ന് കേരളബാങ്ക് ചെയർമാൻ ഉറപ്പുനല്കിയിട്ടുണ്ടെന്നും വത്സൻ പനോളി പറഞ്ഞു.
കൊയ്ത്തുകഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും സംഭരണനടപടി ആരംഭിക്കുകപോലും ചെയ്യാത്ത നിരവധി പാടശേഖരങ്ങൾ ജില്ലയിലുണ്ടെന്നും സപ്ലൈകോ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കുനയം കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
സംഘടനാ ജില്ലാ സെക്രട്ടറി എം.ആർ. മുരളി അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റും റൈസ് പാർക്ക് ചെയർമാനുമായ സി.കെ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം ജില്ലാ സെക്രട്ടറി ടി.എം. ഷൗക്കത്ത്, ജില്ലാ ഖജാൻജി സുഭാഷ് ചന്ദ്രബോസ്, നിർവാഹകസമിതിയംഗം സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..