അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കാനുള്ള ട്രയൽ റൺ വാഴച്ചാലിൽ നാട്ടുകാർ തടഞ്ഞു


2 min read
Read later
Print
Share

ആനമല റോഡിൽ അഞ്ചര മണിക്കൂർ ഉപരോധം

വാഴച്ചാലിൽ നാട്ടുകാർ ആനമല റോഡ് ഉപരോധിക്കുന്നു

അതിരപ്പിള്ളി : അരിക്കൊമ്പനെ വാഴച്ചാൽ കാനനപാത വഴി പറമ്പിക്കുളത്തെ മുതിരച്ചാലിൽ എത്തിക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ സംയുക്ത സമരസമിതി തടഞ്ഞു. ട്രയൽ റൺ നടത്താൻ കൊണ്ടുവന്ന വനംവകുപ്പിന്റെ ലോറി വാഴച്ചാൽ ചെക്പോസ്റ്റിൽ തടഞ്ഞു. തുടർന്ന് സംസ്ഥാനപാതയായ ചാലക്കുടി-ആനമല റോഡ് ഉപരോധിച്ചു.

ചൊവ്വാഴ്ച രാവിലെ എട്ടോടെ വാഴച്ചാലിലെത്തിയ ലോറിയും മറ്റു വാഹനങ്ങളും വാർഡ് അംഗം കെ.കെ. റിജേഷിന്റെയും വാഴച്ചാൽ ഊരുമൂപ്പത്തി ഗീതയുടെയും നേതൃത്വത്തിലാണ് തടഞ്ഞത്. തുടർന്ന് റോഡിൽ കുത്തിയിരുന്നു. മലക്കപ്പാറയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളും വിനോദ സഞ്ചാരികളുടേതുൾപ്പെടെ ഒട്ടേറെ വാഹനങ്ങളും സമരക്കാർ തടഞ്ഞിട്ടു. 10 മണിയോടെ വാഴച്ചാൽ ഡി.എഫ്.ഒ. ആർ. ലക്ഷ്മി സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും പ്രതിഷേധം അവസാനിച്ചില്ല.

12.30 ഓടെ ചാലക്കുടി തഹസിൽദാർ എൻ. രാജു സ്ഥലത്തെത്തി സംസാരിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. അതിരപ്പിള്ളി പഞ്ചായത്ത് ഹൈക്കോടതിയിൽ സമർപ്പിക്കുന്ന ഹർജി പരിഗണിക്കുന്നതുവരെ ട്രയൽ റൺ നടത്താൻ അനുവദിക്കില്ലെന്ന് സമരസമിതി നിലപാടെടുത്തു. തഹസിൽദാർ ജില്ലാ കളക്ടറോട് നടത്തിയ ആശയവിനിമയത്തെത്തുടർന്ന് വാഹനം തിരിച്ചയക്കുമെന്ന ഉറപ്പിൽ ഉച്ചക്ക് 1.30-നാണ് സമരം അവസാനിപ്പിച്ചത്.

വൻ പോലീസ് സന്നാഹമുണ്ടായിരുന്നു. പ്രതിഷേധക്കാർ അഞ്ചര മണിക്കൂർ റോഡ് ഉപരോധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ജോസഫ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, പഞ്ചായത്ത് അംഗം കെ.കെ. റിജേഷ്, സി.പി.എം. ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം പ്രസിഡൻറ് ജോർജ് വെണ്ണാട്ടുപറമ്പിൽ, സി.പി.ഐ. ലോക്കൽ സെക്രട്ടറി കെ.കെ. സന്തോഷ്, ബി.ജെ.പി. അതിരപ്പിള്ളി ജനറൽ സെക്രട്ടറി ഉണ്ണി കെ. പാർഥൻ, വാഴച്ചാൽ ഊരുമൂപ്പത്തി ഗീത തുടങ്ങിയവർ പ്രസംഗിച്ചു.

ആനയെ കൊണ്ടുപോകുന്നതിന് കാനനപാത നന്നാക്കാൻ കൊണ്ടുവന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം നാട്ടുകാർ വാഴച്ചാലിൽ തടഞ്ഞ് തിരിച്ചയക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

ബസ് സർവീസുകൾ മുടങ്ങി

റോഡ് ഉപരോധത്തെത്തുടർന്ന് ചാലക്കുടിയിൽനിന്ന്‌ മലക്കപ്പാറയിലേക്കുള്ള ബസ് സർവീസുകൾ തടസ്സപ്പെട്ടു. ചാലക്കുടിയിൽനിന്ന്‌ 8.10-ന് മലക്കപ്പാറയിലേക്കും മലക്കപ്പാറയിൽനിന്ന് ചാലക്കുടിയിലേക്ക് ഏഴിനും എട്ടിനും ഉള്ള ബസ് സർവീസുകളാണ് തടസ്സപ്പെട്ടത്. ബസുകൾ വാഴച്ചാലിൽ കുടുങ്ങി. ചാലക്കുടിയിൽനിന്ന് ഉച്ചക്ക് 12.50-ന് മലക്കപ്പാറയിലേക്ക് പോകേണ്ടിയിരുന്ന ട്രിപ്പ് അതിരപ്പിള്ളിയിൽ അവസാനിപ്പിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..