രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ച പട്ടാമ്പി വള്ളൂർ മേലേക്കുളം
പട്ടാമ്പി : ചെളിയും പാതിഭാഗം ചണ്ടിയും നിറഞ്ഞ വള്ളൂർ മേലേക്കുളത്തിലെ അപകടസാധ്യത ഒറ്റനോട്ടത്തിൽ കാണാനാവില്ല. കുളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്തോറും അപകടം അടുത്തെത്തും. അതാണ് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിനിടയാക്കിയത്.
ദിവസവും കുട്ടികളടക്കമുള്ളവർ കുളിക്കാനും നീന്താനുമായി ഇവിടേക്ക് എത്താറുണ്ട്. ഞായറാഴ്ചയും മൂന്ന് മണിയോടെ പത്തിലേറെ കുട്ടികൾ കുളത്തിലെത്തി. ചെളിയുള്ള ഭാഗത്തേക്ക് ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
സംഭവസ്ഥലത്തുണ്ടായിരുന്ന വാർഡ് കൗൺസിലർ എ. സുരേഷ് ഉൾപ്പെടെയുള്ളവർ എത്തിയാണ് കുളത്തിൽ മുങ്ങിയ കൊടലൂർ സ്വദേശി അശ്വിനെയും പേരശന്നൂർ സ്വദേശി അഭിജിത്തിനെയും കരയ്ക്ക് കയറ്റിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട നിഷാദിനെ മറ്റ് കുട്ടികൾ ചേർന്ന് രക്ഷപ്പെടുത്തിയെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന, മരിച്ച അഭിജിത്തിന്റെ സഹോദരൻ അഭിഷേക് പറഞ്ഞു.
അഞ്ച് വർഷത്തോളമായി പേരശന്നൂർ സ്വദേശി അഭിജിത്തും കുടുംബവും വള്ളൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. സഹോദരൻ അഭിഷേക് നടുവട്ടം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കൊടലൂർ സ്വദേശി മാങ്കോട്ടിൽ സുബീഷും കുടുംബവും മാസങ്ങൾക്ക് മുൻപാണ് വള്ളൂരിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ഏകമകൻ അശ്വിൻ പലപ്പോഴും കുളത്തിലേക്ക് കുളിക്കാൻ പോകാറുള്ളതാണ്.
നാല് വർഷംമുൻപ് കുളത്തിലെ ചെളി നീക്കിയിരുന്നു. കുളത്തിന്റെ പരിസരത്ത് മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..