പട്ടാമ്പി : നിയോജകമണ്ഡലാസ്ഥാനമായ പട്ടാമ്പിയിൽ പൊതുമരാമത്തുവിഭാഗം അസി. എൻജിനീയറുടെ കാര്യാലയം വേണമെന്ന ആവശ്യം ശക്തം. ഇതിനായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ നിർദേശപ്രകാരം പൊതുമരാമത്തുവകുപ്പ് വിശദറിപ്പോർട്ട് തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് റോഡ്, കെട്ടിടവിഭാഗങ്ങൾ 1984-ൽ വിഭജിക്കുന്നതുവരെ പട്ടാമ്പിയിലും തൃത്താലയിലും റോഡ്, ബിൽഡിങ് സെക്ഷൻ ഓഫീസുകൾ ഉണ്ടായിരുന്നു. 84-ൽ പട്ടാമ്പിയിലെ റോഡ് സെക്‌ഷൻ ഓഫീസ് തൃത്താല കാര്യാലയത്തിന്റെ കീഴിലും തൃത്താലയുടെ കെട്ടിടവിഭാഗം ഓഫീസ് പട്ടാമ്പി കാര്യാലയത്തിന്റെ കീഴിലുമായി. അതോടെ പട്ടാമ്പി മണ്ഡലത്തിലെ നൂറുകിലോമീറ്ററോളം പാതകൾ 15 കിലോമീറ്റർ അകലെയുള്ള ഷൊർണൂർ സെക്ഷന്റെ കീഴിലും 28 കിലോമീറ്റർ പാതകൾ 10 കിലോമീറ്റർ അകലെയുള്ള തൃത്താല സെക്ഷന്റെ കീഴിലുമായി.
പട്ടാമ്പി ടൗൺ ഒഴികെയുള്ള ഭാഗങ്ങളും ഓങ്ങല്ലൂർ, വല്ലപ്പുഴ, കൊപ്പം, കുലുക്കല്ലൂർ, വിളയൂർ, കൊപ്പം പഞ്ചായത്തുകളിലെ പാതകളുമാണ് ഷൊർണൂർ കാര്യാലയത്തിന്റെ കീഴിലായത്. പട്ടാമ്പി ടൗൺ, മുതുതല, തിരുവേഗപ്പുറ എന്നീ പഞ്ചായത്തുകളിലെ പാതകൾ തൃത്താലയുടെ കീഴിലുമായി. 2011-ൽ ഷൊർണൂർ നിയോജകമണ്ഡലം നിലവിൽ വന്നതോടെ നിയോജകമണ്ഡലാസ്ഥാനത്ത് സെക്ഷൻ ഇല്ലാത്ത മണ്ഡലമായി പട്ടാമ്പി മാറി.
താലൂക്ക് ആസ്ഥാനമായും നഗരസഭയായും മാറിയിട്ടും കാര്യമുണ്ടായില്ല. മണ്ഡലാടിസ്ഥാനത്തിൽ പാതാനവീകരണം, വിപുലീകരണം പദ്ധതികൾ ബജറ്റിൽ വന്നതോടെ അവ എളുപ്പത്തിൽ വൈദ്യുതി, ജല അതോറിറ്റി, ടെലിഫോൺ വിഭാഗങ്ങളുമായി ബന്ധപ്പെട്ടു നടപ്പാക്കാനും പ്രയാസമേറി.
റെയിൽവേ പാലം വരെ മുക്കാൽ കിലോമീറ്റർ യാത്ര ദുസ്സഹമാണ്. കാൽനടപ്പാതയില്ല. പാതയ്ക്ക് വീതിയില്ല. അഴുക്കുചാലുകൾ പല സ്ഥലത്തുമില്ല.
സ്ലാബുകൾ പൊട്ടിത്തകർന്നാണ് കിടക്കുന്നത്. പാതയെക്കുറിച്ച് പരാതികൾ പറയാൻ തൃത്താലയും ഷൊർണൂരും പോകേണ്ടിവരും. സാമ്പത്തികബാധ്യത വരാതെ പട്ടാമ്പി റെസ്റ്റ് ഹൗസിലെ ഒരു മുറി കാര്യാലയത്തിനായി പ്രയോജനപ്പെടുത്തി ജീവനക്കാരെ പുനർവിന്യസിച്ചാൽ മതി. ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല, ഷൊർണൂർ കാര്യാലയങ്ങളുടെ കീഴിൽ പുനർവിഭജനം നടത്തുകയും വേണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..