Caption
പട്ടാമ്പി : കോവിഡിനുശേഷം കേരളത്തിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്. പട്ടാമ്പി താലൂക്കാശുപത്രിയിൽ തുടങ്ങിയ ശിശുക്കൾക്കായുള്ള തീവ്രപരിചരണവിഭാഗത്തിന്റെയും ഓങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡിനുശേഷം സംസ്ഥാനത്തെ 70 ശതമാനം പേർ വരെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നുണ്ട്. മുൻപ് ഇത് 30 ശതമാനം മാത്രമായിരുന്നു
സർക്കാർ ആശുപത്രികളിലെ വിവിധ സൗകര്യങ്ങളുടെ വികസനംമൂലമാണ് ഇത് സാധ്യമായത്. രോഗികൾ കൂടുതലെത്തുമ്പോഴും സൗകര്യങ്ങൾ വിപുലമാക്കുകയാണ് സർക്കാർ ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാൽ ചികിത്സ ലഭിക്കുന്നില്ലെന്ന സ്ഥിതി ഒഴിവാക്കുകയാണ് സർക്കാർ ആശുപത്രികൾവഴി സാധ്യമാക്കുന്നത്.
കരൾമാറ്റ ശസ്ത്രക്രിയയടക്കം ഇപ്പോൾ സർക്കാർ സംവിധാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയത്ത് ആരംഭിച്ച കരൾമാറ്റ ശസ്ത്രക്രിയ താമസിയാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ലഭ്യമാവുമെന്നും വീണാ ജോർജ് പറഞ്ഞു.
പട്ടാമ്പി താലൂക്കാശുപത്രിയുടെ സ്ഥലപരിമിതിപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും പുതിയസ്ഥലം കണ്ടെത്തി സൗകര്യങ്ങൾ വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് ചടങ്ങുകളിലും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അധ്യക്ഷനായി.
പട്ടാമ്പിയിൽ
പട്ടാമ്പി താലൂക്കാശുപത്രിയിൽ കുട്ടികൾക്കായി ഒരുക്കിയ നാല് വെന്റിലേറ്റർ സൗകര്യമുള്ള കിടക്കയടക്കം 10 കിടക്കകളടങ്ങുന്ന തീവ്രപരിചരണവിഭാഗത്തിന്റെ ഉദ്‌ഘാടനമാണ് മന്ത്രി വീണാ ജോർജ് നിർവഹിച്ചത്.
ചടങ്ങിൽ പട്ടാമ്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ഉപാധ്യക്ഷൻ ടി.പി. ഷാജി, ആരോഗ്യ സ്ഥിരംസമിതിയധ്യക്ഷ കെ.ടി. റുഖിയ, കൗൺസിലർ കെ.ആർ. നാരായണസ്വാമി, ഹെൽത്ത് സർവീസ് ഡയറക്ടർ കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.വി. റോഷ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദുറഹ്‌മാൻ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി. ഗോപാലകൃഷ്ണൻ, പി.കെ. സുഭാഷ്, കൃഷ്ണദാസ്, ടി.പി. ഉസ്മാൻ, റഹീം, സി.പി. സജാദ്, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ കോട്ടത്തറ ട്രൈബൽ ആശുപത്രി, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്കാശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈൻവഴി നിർവഹിച്ചു.
ഓങ്ങല്ലൂരിൽ
ഓങ്ങല്ലൂർ പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച ഒ.പി., ഒബ്‌സർവേഷൻ ബ്ലോക്കുകൾ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. 2020-’21, 2021-’22 വർഷങ്ങളിലെ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.
ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടിവ് എൻജിനിയർ ടി.ആർ. സാം വിദ്യാനാഥ് റിപ്പോർട്ടവതരിപ്പിച്ചു.
ഓങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.പി. രജീഷ്, ജില്ലാ പഞ്ചായത്തംഗം എ.എൻ. നീരജ്, ബ്ലോക്ക് പഞ്ചായത്തംഗം വി. സെയ്താലി, സ്ഥിരം സമിതിയധ്യക്ഷരായ പ്രിയ പ്രശാന്ത്, കെ. പുഷ്പലത, കെ.സി. ജലജ, പഞ്ചായത്തംഗം ദിവ്യദിവാകരൻ, ഷൊർണൂർ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് എൻ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത, മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മരിയൻ കുറ്റിക്കാട്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..