പട്ടാമ്പി : ഇഞ്ചിക്കൃഷിക്ക് തയ്യാറെടുക്കേണ്ട സമയമാണ്. വിത്തുകൾ തയ്യാറുമാണ്. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണുവേണം ഇഞ്ചിക്കൃഷിക്ക് തിരഞ്ഞെടുക്കാനെന്ന് പട്ടാമ്പിയിലെ കൃഷിവിജ്ഞാനകേന്ദ്രം അധികൃതർ പറയുന്നു. മണ്ണിൽനിന്ന് കൂടുതൽ പോഷകങ്ങൾ വലിച്ചെടുക്കുന്നതിനാൽ പുതിയ കൃഷിയിടങ്ങൾ ഓരോവർഷവും തിരഞ്ഞെടുക്കണം.
കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഇഞ്ചി ഇനങ്ങളായ ആതിര, കാർത്തിക, അശ്വതി, ചന്ദ്ര, ചിത്ര എന്നിവ കർഷകർക്ക് ലഭ്യമാണ്. കാർത്തികയും ആതിരയും കൂടുതൽ വാണിജ്യപ്രാധാന്യമുള്ളതാണ്. ചിത്ര എന്ന ഇനം ചുക്ക് ഇഞ്ചിക്കായി ഉപയോഗിക്കാം. എന്നാൽ, അശ്വതി, ചന്ദ്ര എന്നീ ഇനങ്ങളാണ് പച്ച ഇഞ്ചിക്ക് യോജിച്ചത്.
കൃഷിരീതി ഇങ്ങനെ
മണ്ണ് ഉഴുതുമറിച്ചശേഷം ചെറിയ വാരങ്ങൾ തയ്യാറാക്കണം. മൂന്നടി വീതിയും 10 അടി നീളവും ഒരടി ഉയരവുമുള്ള തടങ്ങളാണ് ഉത്തമം. മൂടുചീയലിനെതിരേ ഓരോ തടത്തിനും 15 ഗ്രാം ബ്ലീച്ചിങ് പൗഡറും 250 ഗ്രാം കുമ്മായവും ഇട്ടുകൊടുക്കണം. തടങ്ങളിൽ ഇഞ്ചി നടുന്നതിനായി ചെറിയ കുഴികൾ എടുത്ത് ജൈവവളവും അടിവളവും ചേർത്തശേഷം വിത്തിഞ്ചി നടാം. ഒരേക്കറിന് 100 കിലോഗ്രാം രാജ്‌ഫോസും 16 കിലോഗ്രാം പൊട്ടാഷും എന്ന കണക്കിൽ ചേർക്കണം. ജൈവവളം ചേർത്തും കൃഷിചെയ്യാം. ഒരേക്കറിന് എട്ട് ടൺ ചാണകപ്പൊടി, 1.6 ടൺ മണ്ണിരക്കമ്പോസ്റ്റ്, 800 കിലോഗ്രാം വേപ്പിൻപിണ്ണാക്ക്, 400 കിലോഗ്രാം ചാരം എന്ന തോതിൽ വളക്കൂട്ട് തയ്യാറാക്കി ഈ കുഴികളിൽ ചേർത്തുകൊടുക്കാം.
വിത്തിഞ്ചികൾ തിരഞ്ഞെടുക്കാം
ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം ചാണകവും 20 ഗ്രാം സ്യൂഡോമോണാസും ചേർത്തിളക്കി ഇതിൽ ഒരു കിലോഗ്രാം വിത്തിഞ്ചി അരമണിക്കൂർ മുക്കിവെച്ച ശേഷം തണലത്ത് ഉണക്കിവേണം നടാൻ. 15 ഗ്രാം തൂക്കവും ഒന്നോ രണ്ടോ മുകുളങ്ങളുമുള്ള വിത്തിഞ്ചി വേണം തിരഞ്ഞെടുക്കാൻ. ആറുമാസം കഴിയുമ്പോൾ പച്ച ഇഞ്ചിക്കായുള്ള വിളവെടുപ്പ് നടത്താം. ചുക്കിഞ്ചിയാണ് ആവശ്യമെങ്കിൽ ഏഴുമുതൽ എട്ടുമാസം കഴിയുമ്പോൾ വിളവെടുക്കാം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..