നിരതെറ്റിക്കിടന്ന സ്ലാബിൽ കാലുടക്കി;തലയിടിച്ചുവീണ് സ്ത്രീക്ക് പരിക്ക്‌


1 min read
Read later
Print
Share

• അഴുക്കുചാൽ സ്ലാബുകൾ അപകടക്കെണിയാകുന്നു

പട്ടാമ്പി പട്ടണത്തിൽ ഗുരുവായൂർറോഡ് ജങ്ഷനോടുചേർന്നുള്ള അഴുക്കുചാലിന് മുകളിൽ തകർന്നുകിടക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ

പട്ടാമ്പി : പട്ടണത്തിലെ തകർന്നുകിടക്കുന്ന അഴുക്കുചാൽ സ്ലാബുകൾ കാൽനടയാത്രക്കാർക്ക് അപകടക്കെണിയാകുന്നു. അഴുക്കുചാലിന് മുകളിലെ തകർന്ന സ്ലാബിൽ കാലുടക്കിവീണ് വ്യാഴാഴ്ച സ്ത്രീക്ക് പരിക്കേറ്റു. ക്ഷേത്രദർശനത്തിനെത്തിയ മങ്കര സ്വദേശിനി സുജാതയ്ക്കാണ്‌ (55) തലയ്ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

വളാഞ്ചേരിയിൽനിന്ന്‌ മങ്കരയിലേക്കുള്ള യാത്രക്കിടെ പട്ടാമ്പിയിലിറങ്ങി ക്ഷേത്രദർശനത്തിനായി പോകവെയാണ് അപകടമുണ്ടായത്.

അഴുക്കുചാലിന് മുകളിൽ നിരമാറി കിടക്കുന്ന സ്ലാബിൽ കാലുടക്കി സുജാത തലയിടിച്ച് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ഇവരെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് മൂന്നുതുന്നലിട്ടതായി ബന്ധുക്കൾ പറഞ്ഞു.

പട്ടാമ്പി നേർച്ചയുടെ സമയത്ത് പട്ടണത്തിലെ സ്ലാബുകൾ നീക്കി അഴുക്കുചാൽ വൃത്തിയാക്കിയിരുന്നു.

ഇതിനുശേഷം പലയിടത്തും സ്ലാബുകൾ തകർന്നും തെന്നിമാറിയുമാണ് കിടക്കുന്നത്. ചിലയിടങ്ങളിൽ പുതിയ സ്ലാബിട്ടതോടെ ഉയരക്രമവും കയറിയും ഇറങ്ങിയുമാണുള്ളത്.

കാൽനടയാത്രക്കാർക്കാണ് ഇത് കൂടുതൽ ദുരിതമാവുന്നത്. നടക്കുന്ന സമയത്ത് സ്ലാബുകളിൽ കാലുടക്കിയും മറ്റും അപകടം പതിവാകുന്നുണ്ട്. ചിലസ്ഥലങ്ങളിൽ സ്ലാബുകൾ തകർന്ന് കമ്പികൾ പുറത്തുവന്ന സ്ഥിതിയാണ്.

പ്രശ്നപരിഹാരം ഉടൻ കാണുമെന്ന് പട്ടാമ്പി നഗരസഭാധികൃതർ പറഞ്ഞു. പട്ടാമ്പി-കുളപ്പുള്ളി റോഡുനവീകരണത്തിൽ പട്ടാമ്പിയിലെ അഴുക്കുചാൽ നവീകരണവും ഉൾപ്പെട്ടിട്ടുള്ളതിനാൽ സ്ലാബുകൾ മാറ്റാൻ പുതിയപദ്ധതി വെക്കുന്നതിന് തടസ്സമുണ്ട്.

എന്നിരുന്നാലും കാൽനടയാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി പട്ടാമ്പി നഗരസഭാ ഉപാധ്യക്ഷൻ ടി.പി. ഷാജി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..