പാതയോരങ്ങളിൽ നാട്ടുമാവിന്റെ തണലൊരുക്കുന്നു


1 min read
Read later
Print
Share

സാമൂഹിക വനവത്കരണവിഭാഗത്തിന്റെ ‘നാട്ടുമാവും തണലും’ നാട്ടുമാവ് വിത്തുശേഖരണ യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ അധികൃതർ വിത്തുകൾ ഏറ്റുവാങ്ങുന്നു

പട്ടാമ്പി : ചുട്ടുപൊള്ളുന്ന പാലക്കാടൻ പാതയോരങ്ങളിൽ നാട്ടുമാവിന്റെ തണലൊരുക്കാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന സാമൂഹിക വനവ്തകരണ വിഭാഗം. ഇതിനായി വിത്തുശേഖരണയാത്രയ്ക്ക് തുടക്കമായി. പരമാവധി നാട്ടുമാവുകളുടെ വിത്തുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.

സ്വീകരണകേന്ദ്രങ്ങളിൽ പരിസ്ഥിതിപ്രവർത്തകർ, നാട്ടുകാർ, കർഷകർ തുടങ്ങിയവരിൽനിന്ന് നാട്ടുമാവുകളുടെ വിത്തുകൾ ഏറ്റുവാങ്ങും. ഇവ നഴ്‌സറികളിലെത്തിച്ച് വളർത്തിയെടുക്കും. മുളപ്പിച്ച തൈകൾ ഒരുവർഷത്തിനകം പാതയോരങ്ങളിൽ നടുകയാണ് ലക്ഷ്യം. റോഡ് വികസനത്തിന്റെ ഭാഗമായി വീതികൂട്ടുമ്പോഴും മറ്റും നിരവധി വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നുണ്ട്. ഇതിനുപകരം പുതിയവ വെച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വനം ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ ബി.എസ്. ഭദ്രകുമാർ പറഞ്ഞു.

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ അഞ്ചുവരെ നടക്കുന്ന ‘മിഷൻ ലൈഫ്-പരിസ്ഥിതിക്കുവേണ്ടിയുള്ള ജീവിതശൈലി’ പരിപാടിയുടെ ഭാഗമായി നാട്ടുമാവും തണലും എന്നപേരിലാണ് പദ്ധതി തയ്യാറാക്കുന്നത്. മൂവാണ്ടൻ, കിളിച്ചുണ്ടൻ, പേരയ്ക്ക, മാങ്ങ തുടങ്ങിയവയുടെയൊക്കെ വിത്തുകൾ ലഭിക്കുന്നുണ്ട്. പത്തിലധികം നാടൻമാവിനങ്ങളിൽ നിന്നായി 1,500 വിത്തുകൾ ആദ്യദിനത്തിൽ ലഭിച്ചു.

പട്ടാമ്പി ഗവ. സംസ്കൃത കോളേജ് ക്വാർട്ടേഴ്‌സിൽനടന്ന ചടങ്ങ് പ്രിൻസിപ്പൽ സി.ഡി. ദിലീപ് ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി റേഞ്ചോഫീസർ ബി.എസ്. ഭദ്രകുമാർ, പരിസ്ഥിതി പ്രവർത്തകരായ സി.പി. പ്രദീപ്, മോഹൻദാസ് ഇടിയത്ത്, അക്ബർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.ഡി. ഉർദിസ്, കെ. വിനൂപ്, കെ. സജീഷ് എന്നിവർ സംസാരിച്ചു.

തുടർന്ന്, റേഞ്ച്‌ ഫോറസ്റ്റോഫീസർ പി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ യാത്ര തുടങ്ങി. കുളപ്പുള്ളി ഫോറസ്റ്റ് സെക്ഷൻ ഓഫീസ്, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ്, മങ്കര, എന്നിവിടങ്ങളിലൂടെയാണ് വിത്തുശേഖരയാത്ര നടന്നത്. വള്ളിക്കോട് ജില്ലാ നഴ്‌സറിയിൽവെച്ച് അസി. ഫോറസ്റ്റ് ഓഫീസ് കൺസർവേറ്റർ എം.ടി. സിബിൻ വിത്തുകൾ ഏറ്റുവാങ്ങി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..