• വാടാനാംകുറിശ്ശി റെയിൽവേ മേൽപ്പാലം നിർമാണത്തിനായി തൂണുകൾക്കുമുകളിൽ സ്പാനുകൾ ഘടിപ്പിക്കുന്നു
പട്ടാമ്പി : വാടാനാംകുറിശ്ശി റെയിൽവേ മേൽപ്പാലത്തിനായി സ്പാനുകൾ ഘടിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. റെയിൽവേലൈനിന് മുകളിലുള്ള ഭാഗത്തെ തൂണുകളുടെ പ്രവൃത്തികൾ റെയിൽവേയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇവിടെയടക്കം പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്.
സ്റ്റീൽ റാഡുകൾ തൂണുകൾക്ക് മുകളിൽ ഘടിപ്പിക്കുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്. കൂറ്റൻ ക്രെയിനുകളെത്തിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. പ്ലാന്റിൽ നിർമിച്ച സ്പാനുകളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. പ്ലാന്റിൽ അവയുടെ നിർമാണം പൂർത്തിയാക്കിയശേഷം സ്ഥലത്തെത്തിച്ച് ഘടിപ്പിക്കുകയാണ്. സ്റ്റീൽ കൂടുതൽ ഉപയോഗിച്ചുള്ള മാതൃകയാണ് വാടാനാംകുറുശ്ശിയിലേത്. സ്പാനുകൾ തൂണുകളിൽ വെച്ചതിനുശേഷം അപ്രോച്ച് റോഡ് പ്രവൃത്തികൾ ആരംഭിക്കും.
അതേസമയം, തൂണുകൾ നിർമിക്കുന്നതിനായി റെയിൽവേ ലൈനിനപ്പുറത്ത് പാലക്കാട് റോഡിൽ പൊളിച്ചിട്ട റോഡ് ടാർ ചെയ്തത് യാത്രക്കാർക്ക് ആശ്വാസമായി. മഴ പെയ്താൽ ചെളിയും വെയിലുദിച്ചാൽ പൊടിശല്യവും വരുന്നത് പ്രദേശവാസികൾക്ക് തലവേദനയായിരുന്നു. തുടർന്ന് ജനപ്രതിനിധികളടക്കം ഇടപെട്ടാണ് ടാറിങ് നടത്തിയത്.
റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (ആർ.ബി.ഡി.സി.കെ.) മേൽപ്പാലത്തിന്റെ നിർമാണച്ചുമതല. കിഫ്ബി വഴിയാണ് പാലം നിർമിക്കാൻ തുകയനുവദിച്ചത്. 2020 ജനുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്.
680 മീറ്റർ നീളത്തിൽ രണ്ട് ലൈൻ റോഡും ഒരുവശം നടപ്പാതയുമുള്ള 10.15 മീറ്റർ വീതിയിലുള്ള പാലം 32.49 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..