Caption
പാലക്കാട് : ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച ഭക്തജനസഞ്ചയത്തെ സാക്ഷിയാക്കി ശ്രീനിവാസ കല്യാണോത്സവം നടന്നു.
അതിരാവിലെ മുതൽ ഭക്തർ ദർശനം തേടിയെത്തി. തിരുമല തിരുപ്പതി ദേവസ്ഥാനവും പാലക്കാട് ശ്രീനിവാസ ട്രസ്റ്റും ചേർന്നാണ് ശ്രീനിവാസ കല്യാണോത്സവം സംഘടിപ്പിച്ചത്.
മഹാവിഷ്ണുവിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീനിവാസൻ, ആകാശരാജാവിന്റെ മകൾ പദ്മാവതിയെ വിവാഹം കഴിക്കുന്ന, തിരുപ്പതി ക്ഷേത്രത്തിലെ പ്രസിദ്ധചടങ്ങായ ശ്രീനിവാസ കല്യാണോത്സവമാണ് സ്റ്റേഡിയത്തിൽ നടന്നത്. രാവിലെ സുപ്രഭാതം, തോമാലസേവ, അർച്ചന, അഭിഷേകം എന്നീ പൂജാവിധികൾക്കുശേഷമായിരുന്നു വൈകീട്ട് കല്യാണോത്സവം. തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ എ. വേണുഗോപാല ദീക്ഷിതർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
മണ്ഡപത്തിലെ അഗ്നിപ്രതിഷ്ഠയ്ക്കുശേഷം, പ്രായശ്ചിത്തഹോമം നടത്തി. വരൻ വെങ്കിടേശ്വരദേവനെയും വധുക്കളായ ശ്രീദേവി, ഭൂദേവി എന്നിവരെയും മന്ത്രകോടിയണിയിച്ചു.
കന്യാദാനത്തിനുശേഷം മംഗല്യധാരണം നടത്തി. വരണമാല്യമണിയിച്ച ദേവതകൾക്ക് കർപ്പൂരാരതി, നക്ഷത്രാരതി, മഹാ ആരതി എന്നിവ നടത്തിയശേഷം ദീപാരാധനയോടെ വിവാഹച്ചടങ്ങുകൾ സമാപിച്ചു. ദർശനത്തിനെത്തിയ ഭക്തർക്കെല്ലാം പൂജാനിവേദ്യങ്ങളായ പുളിയോദര, വെൺപൊങ്കൽ, ചക്കരപ്പൊങ്കൽ എന്നിവ പ്രസാദമായി നൽകി. ഇടവേളകളിൽ സംഗീത, നൃത്തപരിപാടികളും അരങ്ങേറി.
തിരുമല ദേവസ്ഥാനത്തുനിന്നെത്തിച്ച ഉത്സവമൂർത്തികളെയാണ് കല്യാണോത്സവവേദിയിൽ ആരാധിച്ചത്. ദേവസ്ഥാനം ജോയന്റ് എക്സി. ഓഫീസർ സദാ ഭാർഗവിയുടെ നേതൃത്വത്തിലുള്ള അറുപതോളംവരുന്ന ഉദ്യോഗസ്ഥസംഘം ചടങ്ങുകൾ നിയന്ത്രിച്ചു. ട്രസ്റ്റ് ഭാരവാഹികളായ കെ.ആർ. ദേവദാസ് മഹാദേവൻ, സി.ആർ. വെങ്കടേശ്വരൻ, എൻ.എൻ. കൃഷ്ണൻ, അച്യുതൻ, പ്രകാശ് കുമാർ, കിഷോർ മന്നാടിയാർ, വിനോദ് ദാമോദരൻ തുടങ്ങിയവർ ഉത്സവപരിപാടിക്ക് നേതൃത്വം നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..