വെള്ളമില്ലാതെ വരണ്ടുതുടങ്ങിയ മൂലത്തറ റെഗുലേറ്റർ. തിങ്കളാഴ്ച വൈകീട്ടത്തെ കാഴ്ച
പാലക്കാട് : കടുത്ത വേനൽ മറികടക്കാൻ ആളിയാറിൽനിന്ന് കേരളം ആവശ്യപ്പെട്ടത് പ്രതിദിനം നാനൂറ് ക്യുസെക്സ് വെള്ളം. തിങ്കളാഴ്ച കിട്ടിയതാവട്ടെ 10 ക്യുസെക്സ് വെള്ളം മാത്രം. ആളിയാറിൽനിന്ന് എത്തുന്ന വെള്ളം സംഭരിക്കുന്ന മൂലത്തറ റെഗുലേറ്ററിന്റെ ജലസംഭരണി വറ്റിവരണ്ടു. മഴ കിട്ടിയില്ലെങ്കിൽ രണ്ടുനാൾക്കകം ചിറ്റൂരിലെ ആറു പഞ്ചായത്തുകളിൽ കുടിവെള്ളം മുട്ടും. വെള്ളം കിട്ടാതായതോടെ ഒന്നാംവിള നെൽക്കൃഷിയുടെ പണികളും താളംതെറ്റി.
പറമ്പിക്കുളം-ആളിയാർ അന്തസ്സംസ്ഥാന നദീജലക്കരാറനുസരിച്ച് മേയ് 15 മുതൽ 31 വരെ ചിറ്റൂർ പുഴയിലേക്ക് ആളിയാറിൽനിന്ന് 400 ക്യുസെക്സ് വെള്ളം കിട്ടണം.
ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നൽകിയതൊഴിച്ചാൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് മറ്റു നടപടികളൊന്നുമുണ്ടായില്ല. ജൂൺ ഒന്നുമുതൽ 300 ക്യുസെക്സ് വെള്ളം വീതം നൽകാമെന്നാണ് കഴിഞ്ഞദിവസം ജലവിഭവവകുപ്പ് ചീഫ് എൻജിനിയർക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നത്. ജൂൺ നാലിന് കാലവർഷമാരംഭിച്ചാൽ കിട്ടുന്ന വെള്ളംകൊണ്ട് പ്രയോജനമില്ലാതാവും.
മണക്കടവ് വിയറിൽനിന്ന് കേരളത്തിനു നൽകുന്ന വെള്ളം മൂലക്കടവ് റെഗുലേറ്ററിലെ സംഭരണിയിലെത്തിച്ചാണ് ചിറ്റൂർ പുഴയിലേക്കടക്കം തുറന്നുവിടുന്നത്. മൂലക്കടവ് റെഗുലേറ്ററിൽ വെള്ളം തീരെയില്ല. തൊട്ടുതാഴെ കുന്നംകാട്ടുപതിയെ ആശ്രയിച്ചാണ് ചിറ്റൂർ മേഖലയിലെ ഏഴു പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം.
പ്രതിദിനം വേണ്ടത് 305 ലക്ഷം ലിറ്റർ വെള്ളം
പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എലപ്പുള്ളിയുടെ ഒരു ഭാഗം എന്നിവയുൾപ്പെടുന്ന ആദ്യത്തെ ജലവിതരണശൃംഖലയ്ക്കു വേണ്ടത് പ്രതിദിനം 180 ലക്ഷം ലിറ്റർ വെള്ളമാണ്. മഴനിഴൽപ്രദേശമായ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെ വിതരണശൃംഖലയിലേക്ക് 125 ലക്ഷം ലിറ്റർ വെള്ളവും വേണം.
കുന്നംകാട്ടുപതിയിൽ ശേഷിക്കുന്നത് ഒന്നരമീറ്റർ ജലനിരപ്പാണ്. പമ്പ് ചെയ്തെടുക്കാവുന്ന വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ വിവിധ ഉപരിതല ജലസംഭരണികളിലേക്ക് ഊഴമിട്ടാണ് വെള്ളം പമ്പുെചയ്ത് നിറയ്ക്കുന്നത്. വെള്ളം അടിത്തട്ടിലെത്തിയതോടെ വെള്ളത്തിൽ അഴുക്കും മാലിന്യവും വർധിച്ചിട്ടുണ്ട്.
ഇതുമൂലം ശുചീകരണപ്ലാന്റിലെ ഫിൽട്ടർ നാലുമണിക്കൂറിൽ ഒരിക്കൽ കഴുകിവൃത്തിയാക്കേണ്ടിവരുന്നു.
വെള്ളം കൂടുതൽ അടിത്തട്ടിലെത്തിയാൽ ചെളി കലരുമെന്ന ആശങ്കയുമുണ്ട്.
നിലവിൽ ചിറ്റൂർ നഗരസഭയിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതിനെ ബാധിച്ചിട്ടില്ല. ചിറ്റൂർ പുഴയിൽനിന്നുള്ള നീരൊഴുക്കില്ലാതായതോടെ പട്ടാമ്പി വരെയുള്ള ഭാരതപ്പുഴയിലെ ഒഴുക്കും നിലച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു
ചിറ്റൂരിെന്റ കൃഷിയെയും കുടിവെള്ളവിതരണത്തെയും ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുമായും ജലവിഭവന്ത്രിയുമായും വീണ്ടും ബന്ധപ്പെട്ടതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.മഴ പെയ്തില്ലെങ്കിൽ
ആളിയാറിൽനിന്ന് ഇന്നലെ കിട്ടിയത് 10 ക്യുസെക്സ് വെള്ളം


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..