• പട്ടാമ്പി റെയിൽവേസ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിന് മേൽക്കൂരയില്ലാതെ കിടക്കുന്ന ഭാഗം
പട്ടാമ്പി : മഴ തിമിർത്തുപെയ്യുമ്പോഴും വെയിൽ കത്തുമ്പോഴും വലിയ ബാഗുകളുമെടുത്ത് കോച്ചുകളിലേക്ക് എത്താൻ നനഞ്ഞും വിയർത്തും ഓടേണ്ട സ്ഥിതിയാണ്, പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക്. മുഴുവൻ സ്ഥലത്തും മേൽക്കൂര സ്ഥാപിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.
ഒന്നാം പ്ലാറ്റ്‌ഫോമിൽ ടിക്കറ്റ് കൗണ്ടർമുതൽ പകുതിഭാഗം വരെയും രണ്ടാം പ്ലാറ്റ്‌ഫോമിൽ എൻജിൻ വന്നു നിൽക്കുന്നയിടത്തെ കുറച്ച് ഭാഗത്തും മാത്രമാണ് മേൽക്കൂരയുള്ളത്. ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്ര ചെയ്യുന്നവർക്കും ദുരിതമാണ്.
വണ്ടി വന്നുനിൽക്കുമ്പോൾ മുൻവശത്തേക്ക് ഓടേണ്ട സ്ഥിതിയാണ്. സ്റ്റേഷന്റെ മധ്യഭാഗത്തായല്ല ടിക്കറ്റ് കൗണ്ടറുള്ളത്. ഒന്നാം പ്ലാറ്റ്‌ഫോമിൽ അവസാനബോഗി വന്നുനിൽക്കുന്നയിടത്താണ് ടിക്കറ്റ് നൽകുന്ന സ്ഥലം.
നിലവിൽ യാത്രക്കാരുടെ നിരന്തര ആവശ്യപ്രകാരം മൂന്നിടങ്ങളിൽ ചെറിയ മേൽക്കൂര നിർമിച്ചിട്ടുണ്ട്. എന്നാൽ, ദീർഘദൂരയാത്രക്കാർക്ക് ഇതുകൊണ്ട് വലിയ ഗുണമില്ല. ഭൂരിഭാഗം സ്ലീപ്പർ കോച്ചുകളും എ.സി. കോച്ചുകളും വന്നു നിൽക്കുന്ന സ്ഥലങ്ങൾ തുറന്നുകിടക്കുകയാണ്. നിലവിൽ നോൺ സബർബൻ കാറ്റഗറിയിൽ അഞ്ചാം സ്ഥാനമാണ് പട്ടാമ്പിക്ക്.
തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർ പട്ടാമ്പി സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. കൂടുതൽ സൗകര്യങ്ങളും കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പും അനുവദിച്ചാൽ വലിയ വിഭാഗം യാത്രക്കാർക്ക് ആശ്വാസമാവും. കൃത്യമായ കോച്ച് പൊസിഷൻ ബോർഡുകൾ അടക്കം പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിക്കേണ്ടത് ആവശ്യമാണ്.കോവിഡ് സമയത്ത് പട്ടാമ്പി സ്റ്റേഷനിലേക്കുള്ള മറ്റുവഴികളെല്ലാം റെയിൽവേ അടച്ചുപൂട്ടി.
ഇതോടെ യാത്രക്കാർക്ക് പട്ടാമ്പി പട്ടണത്തിലെത്താൻ ഏറെ ചുറ്റിത്തിരിയണം. പട്ടാമ്പി പള്ളിപ്പുറം റോഡിലെ പ്ലാറ്റ്‌ഫോം ഭാഗത്ത് ഒരു കാൽനടപ്പാത കൂടി സ്ഥാപിക്കണമെന്നതും ആവശ്യമാണ്. ഒന്നാം പ്ലാറ്റ്‌ഫോമിൽ എൻജിൻ ഭാഗത്തെ ബോഗികളിൽവന്നിറങ്ങുന്ന യാത്രക്കാർക്ക് പിറകോട്ട് ഏറെ നടന്നാൽ മാത്രമേ നടപ്പാലത്തിനെത്താനാവുകയുള്ളൂ. രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങുന്നവർക്കും സമാനപ്രശ്‌നമുണ്ട്.
രണ്ട് പ്ലാറ്റ്‌ഫോമുകളാണ് പട്ടാമ്പി റെയിൽവേ സ്റ്റേഷനിലുള്ളത്. എന്നാൽ, വണ്ടി കയറണമെങ്കിൽ യാത്രക്കാർക്ക് മഴയും വെയിലും കൊള്ളേണ്ട ഗതികേടാണ്. ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിൽ കുറച്ചു ഭാഗങ്ങളിൽമാത്രമാണ് മേൽക്കൂരയുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..