കാറൽമണ്ണയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 99-ാം ജന്മവാർഷികാഘോഷം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
കാറൽമണ്ണ : കഥകളിയുടെ സമസ്തമേഖലകളിലും നിറസ്സാന്നിധ്യമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 99-ാം ജന്മവാർഷികദിനം കളിയരങ്ങോടെ ‘ഒരു പിറന്നാളിന്റെ ഓർമയ്ക്ക്’ എന്ന പേരിൽ ആഘോഷിച്ചു.
തിരഞ്ഞെടുക്കപ്പെട്ട 18 കലാകാരന്മാർക്ക് ആചാര്യന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 'കലാസാഗർ 2023' പുരസ്കാരങ്ങൾ സമ്മാനിച്ചു.
കലാസാഗറിന്റെ നേതൃത്വത്തിൽ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെയും കേന്ദ്ര സാംസ്കാരികവകുപ്പിന്റെയും സഹകരണത്തോടെയായിരുന്നു ജന്മദിനാഘോഷം. പൊതുവാളുടെ ഛായാചിത്രത്തിനു മുന്നിൽ ശിഷ്യപ്രശിഷ്യർ പുഷ്പാർച്ചന നടത്തി.
കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ. ടി.എസ്. മാധവൻകുട്ടി അധ്യക്ഷനായി. കലാനിരൂപകൻ വി. കലാധരൻ അനുസ്മരണപ്രഭാഷണം നടത്തി.
കെ.ബി. രാജ് ആനന്ദ്, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, വി. രാമൻകുട്ടി, കലാസാഗർ പ്രസിഡന്റ് എം.പി. മോഹനൻ, സെക്രട്ടറി രാജൻ പൊതുവാൾ, എൻ. പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു. കൃഷ്ണൻകുട്ടി പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഭീഷ്മപ്രതിജ്ഞ കളിയരങ്ങുമുണ്ടായി.
കോട്ടയ്ക്കൽ ദേവദാസൻ ശന്തനുവായും വെള്ളിനേഴി ഹരിദാസ് സത്യവതിയായും കലാമണ്ഡലം നീരജ് ദാശരാജാവായും പീശപ്പിള്ളി രാജീവ് ഗംഗാദത്തനായും വേഷമണിഞ്ഞു. അത്തിപ്പറ്റ രവി, നെടുമ്പള്ളി രാംമോഹൻ (പാട്ട്), കോട്ടയ്ക്കൽ വിജയരാഘവൻ (ചെണ്ട), കലാമണ്ഡലം സുധീഷ് പാലൂർ (മദ്ദളം), കലാമണ്ഡലം ശ്രീജിത്ത് (ചുട്ടി), ബാലൻ, രാമകൃഷ്ണൻ, കുട്ടൻ (അണിയറ) തുടങ്ങിയവർ പിന്നണിയൊരുക്കി.കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 99-ാം ജന്മവാർഷികം ആഘോഷിച്ചു


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..