പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലം
പട്ടാമ്പി : വനിതകൾക്ക് വണ്ടി കാത്തിരിക്കാൻ പ്രതീക്ഷാലയം, മുഴുവൻസമയ ലഘുഭക്ഷണശാല, ആർ.പി.എഫ്. ഔട്ട്‌പോസ്റ്റ് തുടങ്ങി പട്ടാമ്പി റെയിൽവേ സ്റ്റേഷന് ആവശ്യങ്ങളേറെയാണ്. വനിതകൾക്കായുള്ള പ്രതീക്ഷാലയം പട്ടാമ്പി സ്റ്റേഷനിൽ ഇല്ല. ഉയർന്ന ക്ലാസുകളിലെ യാത്രക്കാർക്കായുള്ള വിശ്രമകേന്ദ്രമാണുള്ളത്.
മുമ്പ്, റെയിൽവേ അഡീഷണൽ ഡിവിഷൻ മാനേജർ പട്ടാമ്പി സ്റ്റേഷൻ സന്ദർശിച്ചപ്പോൾ പ്രതീക്ഷാലയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നടപ്പായില്ല.
ടിക്കറ്റ് വാങ്ങാൻ നിൽക്കുന്നവരും ഭിക്ഷക്കാരും നിറഞ്ഞ ഹാളിലാണ് വനിതകളടക്കം വണ്ടി കാത്തിരിക്കേണ്ടത്.പട്ടാമ്പി സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ ഒരറ്റത്തായാണുള്ളത്. ഇത് മധ്യഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചാൽ ഭിന്നശേഷിക്കാർക്കടക്കം ഗുണമാവും. മുമ്പ് പഴയ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ പരിസരത്തേക്ക് ഇറങ്ങാൻ യാത്രക്കാർക്ക് സൗകര്യമുണ്ടായിരുന്നു. കോവിഡ് സമയത്ത് ഈ വഴി അടച്ചുപൂട്ടി.
ഇപ്പോൾ യാത്രക്കാർക്ക് സ്‌റ്റേഷനിലിറങ്ങിയാൽ ഏറെ നടന്നുവേണം പുറത്തേക്കിറങ്ങാൻ. ഇപ്പോൾ ആദ്യത്തെ കോച്ചിൽ യാത്ര ചെയ്യേണ്ടവർ സ്‌റ്റേഷനിൽ പ്രവേശിച്ച് ഏകദേശം അരക്കിലോമീറ്ററോളം നടക്കേണ്ട സ്ഥിതിയാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ലഘുഭക്ഷണശാലയും വേണം. കോവിഡ് കാലത്തിനുശേഷം ഒരു ലഘുഭക്ഷണശാല മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
ആർ.പി.എഫ്. ഔട്ട് ലെറ്റ് സ്ഥാപിക്കണം
കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി ലഹരിവില്പന കേസുകൾ പട്ടാമ്പി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാത്രിയായാൽ സാമൂഹികവിരുദ്ധതാവളമായി സ്‌റ്റേഷൻ പരിസരവും പ്ലാറ്റ്‌ഫോമുകളും മാറുന്നുണ്ടെന്നും ആക്ഷേപമുണ്ട്. സ്റ്റേഷൻ വളപ്പിലെ ഉപയോഗശൂന്യമായ ക്വാർട്ടേഴ്‌സുകൾ ഇത്തരം താവളങ്ങളാണ്.
കുറച്ചെണ്ണം പൊളിച്ചുനീക്കിയെങ്കിലും ഇനിയും കുറേ കാടുപിടിച്ചുകിടപ്പുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ സാന്നിധ്യമില്ലാത്തതാണ് പ്രധാന കാരണം.
പട്ടാമ്പിയിൽ ആർ.പി.എഫ്. ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..